കോൽക്കത്ത:രാജ്യത്ത് ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്നു. പശ്ചിമബംഗാളിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈദരാബാദിൽ നിന്ന് എത്തിയ ഏഴ് വയസുകാരനാണ് രോഗബാധ. കുട്ടിയുടെ മാതാപിതാക്കൾക്ക് രോഗബാധയില്ലെന്ന് പരിശോധന ഫലം.
അതേസമയം, രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുകയാണ്. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 62 ആയി ഉയർന്നു. ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്.
വൈറസിൻറെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർ ഇന്ത്യയിലെത്തിയ ഉടൻതന്നെ ആർടിപിസിആർ പരിശോധനയ്ക്കു വിധേയമാകുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, കോൽക്കത്ത, ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇതിനുള്ള സൗകര്യം ഒരുക്കുക.