ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 422 രോഗികളാണ് രാജ്യത്തുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 108 പേർക്കാണിവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഡൽഹിയിൽ 79, ഗുജറാത്തിൽ 43, തെലങ്കാനയിൽ 41, കേരളത്തിലും തമിഴ്നാട്ടിലും 34 എന്നിങ്ങനെയാണു സംസ്ഥാനങ്ങളിലെ കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി 130 പേർ രോഗമുക്തി നേടി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,987 കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതർ 3,47,86,802 ആയി. ആകെ കേസുകളുടെ 0.22% (76,766) മാത്രമാണു ചികിത്സയിലുള്ളത്. ഇത് 2020 മാർച്ചിനു ശേഷമുള്ള കുറഞ്ഞ കണക്കാണ്. 162 പേർ മരിച്ചതോടെ ആകെ മരണം 4,79,682. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്.
ഒമിക്രോൺ വ്യാപനഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10 മുതൽ രാജ്യത്ത് ബൂസ്റ്റർ ഡോസ് നൽകും. ബൂസ്റ്റർ ഡോസായി കിട്ടുക മറ്റൊരു വാക്സിനായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതായത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഒരേ വാക്സിന്റെ രണ്ട് ഡോസ് ആണ് സ്വീകരിച്ചിരിക്കുക. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു വാക്സിനാകും ബൂസ്റ്റർ ഡോസായി ലഭിക്കുക. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കും.
ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും ഒപ്പം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുക.