തിരുവനന്തപുരം: കൊച്ചി കേന്ദ്രമാക്കി മനുഷ്യകടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി മുജീബിനും സംഘത്തിനും വിദേശത്ത് മനുഷ്യകടത്തിനും പെണ്‍വാണിഭത്തിനും ഒത്താശ ചെയ്തത് എംബസി ഉദ്യോഗസ്ഥന്‍. ബഹ്‌റിന്‍, ദുബായ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ നിന്നും നിരവധി യുവതികളെ ജോലി വാഗ്ദാനം ചെയ്ത് പെണ്‍വാണിഭ കെണിയില്‍പ്പെടുത്തിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചു.
യുഎഇ എംബസിയിലെ മലയാളിയായ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് മനുഷ്യകടത്തിന് ഒത്താശ ചെയ്തിരുന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ റെയ്ഡിന് സിഐഡി പോലീസ് എത്തുന്ന വിവരം ഈ ഉദ്യോഗസ്ഥന്‍ ചോര്‍ത്തി നല്‍കി സഹായിച്ചിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ പ്രതി അച്ചായന്‍ എന്ന് വിളിയ്ക്കുന്ന ജോഷിയുടെ മകന്‍ ജോയിസും ആലുവ സ്വദേശി മുജീബുമാണ് കേരളത്തില്‍ നിന്നും യുവതികളെ വിദേശത്തേക്ക് കടത്തി പെണ്‍വാണിഭത്തിനിരയാക്കിയിരുന്നത്.
ഇവരുടെ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ബഹ്‌റിന്‍, ദുബായ് കേന്ദ്രീകരിച്ച് നടത്തുന്ന മനുഷ്യകടത്തിനും പെണ്‍വാണിഭത്തിനും മുജീബിനോടൊപ്പം ചുക്കാന്‍ പിടിച്ചിരുന്നത് മലയാളികളായ ദമ്പതികളായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. ബാലുശേരി സ്വദേശി അബ്ദുള്‍ നാസര്‍ എന്ന് വിളിയ്ക്കുന്ന നാസര്‍, കൊല്ലം ചന്ദനതോപ്പ് സ്വദേശി സുമി എന്ന് വിളിയ്ക്കുന്ന ഷാജിദ എന്നിവരാണ് യുവതികളെ ചതിയില്‍പ്പെടുത്തി പെണ്‍വാണിഭത്തിനിരയാക്കിയിരുന്നതെന്ന് ഇരകളാക്കപ്പെട്ട യുവതികള്‍ അന്വേഷണ സംഘത്തിന് രഹസ്യമൊഴി നല്‍കി.
ഇരുവര്‍ക്കും നാട്ടില്‍ കുടുംബമുണ്ടെങ്കിലും വിദേശത്ത് ഇരുവരും ദമ്പതികളെപ്പോലെയാണ് കഴിയുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. രാജ്യാന്തര അന്വേഷണ സംഘത്തിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കേരള പോലീസ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് ഒത്താശ ചെയ്ത എംബസി ഉദ്യോഗസ്ഥനെയും വലയിലാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ചിന്റെ ഒരു സംഘത്തെ ഉടന്‍ തന്നെ ബഹ്‌റിന്‍, ദുബായ് എന്നിവിടങ്ങളിലേക്ക് അയക്കാനും ആലോചനയുണ്ട്. ബഹ്‌റിനിലെ റാസയില്‍ നാസറും ഷാജിദയും നടത്തുന്ന റസ്റ്റോറന്റില്‍ ജോലി വാഗ്ദാനം ചെയ്താണ് പെണ്‍വാണിഭത്തിനായി യുവതികളെ എത്തിച്ചിരുന്നത്. 63 -ഓളം യുവതികളെ കെണിയില്‍പ്പെടുത്തി ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചിരുന്നതായി ഇവരുടെ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ഓര്‍ഗനൈസ്ഡ് ക്രൈം വിംഗ് 226-ാം നമ്പരായി രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ബഹ്‌റിനിലെ അദില്യ എന്ന സ്ഥലത്തെ ഒരു കേന്ദ്രത്തിലാണ് കേരളത്തില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച യുവതികളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അന്വേഷണ സംഘം ബഹ്‌റിനിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈക്കലാക്കിയ ശേഷമാണ് നിര്‍ബന്ധിച്ച് പലരെയും പെണ്‍വാണിഭത്തിനിരയാക്കിയിരുന്നതെന്ന് ഇരകളാക്കപ്പെട്ടവര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇടപാടുകള്‍ക്ക് വഴങ്ങാത്ത യുവതികളെ കള്ളക്കേസില്‍ കുടുക്കുകയും മൃഗീയമായി ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തുവെന്ന് പല യുവതികളും അന്വേഷണ സംഘത്തോട് കണ്ണീരോടെ വെളിപ്പെടുത്തിയിരുന്നു.
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍പശുപാലനോടൊപ്പം പിടിയിലായ അക്ബര്‍, ജോയിസ് എന്നിവരെ അറസ്റ്റ് ചെയ്തതിലൂടെയാണ് കേരളത്തെ ഞെട്ടിച്ച മനുഷ്യകടത്ത് കേസും വിദേശത്തെ ലൈംഗിക വ്യാപാര ഇടപാടുകളും പുറത്തായത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ജോയിസും അക്ബറും കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടെ കൊച്ചി കേന്ദ്രീകരിച്ച് നടത്തിയ മനുഷ്യകടത്തിനെക്കുറിച്ചും യുവതികളെ വിദേശത്ത് ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുന്ന വിവരങ്ങളും പുറം ലോകം അറിഞ്ഞത്.
അന്താരാഷ്ട ബന്ധമുള്ള ഈ കേസിന്റെ അന്വേഷണം ഡിജിപി ടി.പി.സെന്‍കുമാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് നടത്തുന്നത്. ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ സൈബര്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണമാണ് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്ന് പന്തലിച്ച പെണ്‍വാണിഭ സംഘത്തിലേക്കും മനുഷ്യകടത്ത് സംഘത്തിലേക്കും ചെന്നെത്താന്‍ വഴിവച്ചത്.