കോട്ടയം: ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ അന്തകനെന്നു പോസ്റ്റ്റർ .കഞ്ചാവ് കടത്തുകാരനെ ഡിസിസിസ് പ്രസിഡന്റ് ആക്കാൻ ഉമ്മൻ ചാണ്ടി നീക്കം നടത്തുന്നു എന്ന ആരോപണം ശക്തമായിരിക്കയാണ് കോൺഗ്രസ് ജില്ലാ അധ്യക്ഷൻമാരെ പ്രഖ്യാപിക്കാനുള്ള നടപടികൾക്കും ചർച്ചകൾക്കും വേഗം കൂട്ടി ഹൈക്കമാന്റ് നിൽക്കുമ്പോഴാണ് മുതിർന്ന നേതാവിനെതിരെ പോസ്റ്റർ . കോട്ടയത്തെ പോര് തെരുവിൽ പോസ്റ്ററുകൾ ആയി പ്രത്യക്ഷപ്പെടുന്നത്. നിലവിൽ ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്ക് എതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എ ഗ്രൂപ്പിലെ കടുത്ത ഭിന്നത വ്യക്തമാക്കുന്നതാണ് പോസ്റ്ററുകൾ. നിലവിൽ ഉമ്മൻചാണ്ടിയുടെ പ്രതിനിധിയായി യൂജിൻ തോമസും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധിയായി നാട്ടകം സുരേഷും ആണ് അന്തിമപട്ടികയിൽ ഉള്ളത്. ഇതിൽ നാട്ടകം സുരേഷ് തന്നെ ഡിസിസി അധ്യക്ഷൻ ആകും എന്നതാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ. അതിനിടെ ആണ് പോസ്റ്ററുകൾ പതിച്ച് കോട്ടയത്ത് ഗ്രൂപ്പ് യുദ്ധം.
‘ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തും, ചൂതാട്ട കേന്ദ്രവും നടത്തുന്നവനുമോ? ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ?’- സേവ് കോൺഗ്രസിന്റെ പേരിൽ കോട്ടയം നഗരത്തിൽ പതിച്ച പോസ്റ്ററുകളിൽ വാചകങ്ങൾ ഇങ്ങനെയാണ്. അതായത് നിലവിൽ ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും നൽകിയ പേരിൽ ഉൾപ്പെട്ട രണ്ടുപേർക്കും എതിരെയാണ് പോസ്റ്ററുകൾ. നാട്ടകം സുരേഷിനെതിരെ ആണ് ആദ്യ വാചകങ്ങൾ എന്ന് വ്യക്തം. ഉമ്മൻ ചാണ്ടി പേര് നിർദ്ദേശിച്ച യൂജിൻ തോമസിനെ തള്ളിക്കൊണ്ടാണ് ഉമ്മൻചാണ്ടിക്കൊപ്പം ഉള്ള ഒരു വിഭാഗം തന്നെ ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്ന ചോദ്യം ഉന്നയിക്കുന്നത്.
ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടായിരുന്ന ഫിൽസൺ മാത്യുവിനെ പരിഗണിക്കാത്തതിൽ ഉള്ള അതൃപ്തിയും പുകയുന്നുണ്ട്. ഫിൽസൺ മാത്യുവിനെ തള്ളി ആണ് യൂജിൻ തോമസിനെ ഡിസിസി അധ്യക്ഷൻ ആക്കാൻ ഉമ്മൻചാണ്ടി നീക്കം നടത്തിയത്. അടുത്തകാലത്തായി ഫിൽസൺ മാത്യുവിനോട് ഉമ്മൻചാണ്ടിക്ക് താൽപ്പര്യം കുറഞ്ഞിരുന്നതായി ഒപ്പമുള്ള നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഫിൽസൺ മാത്യുവിനെതിരേ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉണ്ട് എന്നാണ് ഉമ്മൻചാണ്ടി ക്യാമ്പ് രഹസ്യമായി പറയുന്നത്. ആ പ്രചരണം അടിത്തട്ടിൽ നിൽക്കെയാണ് ഇപ്പോൾ പരിഗണിക്കുന്ന നേതാക്കൾക്കെതിരെയും സമാനമായ ആരോപണങ്ങൾ ഉണ്ട് എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡിസിസി ഓഫീസിനു മുന്നിലെ ഗേറ്റിലും സമീപത്തെ മതിലുകളിലും പോസ്റ്ററുകൾ ഉണ്ട്. ഇതിനുപുറമേ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ടാക്സി സ്റ്റാൻഡിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഡിസിസി അധ്യക്ഷനായി ഉമ്മൻ ചാണ്ടി നൽകിയ പേര് തള്ളുന്നു എന്ന വാർത്തകളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഇന്നലെ ഉമ്മൻചാണ്ടി ഒഴിഞ്ഞു മാറിയിരുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പരിഗണിച്ചപ്പോഴും ഉമ്മൻചാണ്ടിയുടെ ഏറ്റവും പ്രധാന നിർദ്ദേശം ആയ കെ സി ജോസഫിനെ ഹൈക്കമാൻഡ് തള്ളിയിരുന്നു. ഉമ്മൻചാണ്ടിയുടെ നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ഇത്. അതിനു പിന്നാലെയാണ് ഉമ്മൻചാണ്ടിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഡിസിസി പിടിക്കാൻ നടത്തുന്ന നീക്കം ശ്രദ്ധേയമാകുന്നത്.
ഉമ്മൻചാണ്ടിയുടെ നിർദ്ദേശം ഹൈക്കമാൻഡ് തള്ളിയാൽ കോട്ടയത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് തുടക്കം ഉണ്ടാകും. കെപിസിസി അധ്യക്ഷനായി കെ സുധാകരനെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും ആദ്യം ഓടിയെത്തി അഭിനന്ദിച്ച നേതാവായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് തന്നെ ഇരുവർക്കുമിടയിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുത്തിരുന്നു.
കെപസിസി നേതൃത്വം സമർപ്പിച്ച പട്ടികയിൽ ചർച്ച പുരോഗമിക്കുകയാണ്. നിലവിൽ പട്ടിക സംബന്ധിച്ച് എ,ഐ ഗ്രൂപ്പുകൾ പരാതികൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതിനൊന്നും ചെവികൊടുക്കാത്ത അധ്യക്ഷൻമാരെ വേഗത്തിൽ പ്രഖ്യാപിക്കാനാണ് നിലവിൽ ഹൈക്കമാന്റ് ആലോചിക്കുന്നത്. മൂന്ന് ജില്ലകളിലാണ് നിലവിൽ തർക്കം നിലനിൽക്കുന്നത്.ഡിസിസി അധ്യക്ഷൻമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സംസ്ഥാനത്തെ ഗ്ഗൂപ്പ് നേതൃത്വങ്ങളുമായി ചർച്ച നടത്തിയിരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെയ്പ്പ് ഇത്തവണ അനുവദിക്കില്ലെന്ന് കെ സുധാകരൻ തുടക്കത്തിൽ തന്നെ വ്ക്തമാക്കിയതാണ്. നേതാക്കളും ഇത് അംഗീകരിച്ചിരുന്നു.എന്നാൽ അവസാന ഘട്ടത്തിൽ നേതൃത്വത്തെ കുഴപ്പിച്ച് ഗ്രൂപ്പ് നോമിനികളെ ഉൾപ്പെടുത്തികൊണ്ടുള്ള പട്ടികയാണ് ഇരു ഗ്രൂപ്പുകളും കൈമാറിയത്.
തർക്കം രൂക്ഷമായതോടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനുമുമ്പ് വീണ്ടും ചർച്ച നടത്തിയേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ സംസ്ഥാന തലത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടിക സുധാകരൻ ഹൈക്കമാന്റിന് കൈമാറി. ഇതോടെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു. സുധാകരൻ ഏകപക്ഷീയമായാണ് പട്ടിക തയ്യാറാക്കിയതെന്നാണ് നേതാക്കൾ ഉയർത്തിയ ആക്ഷേപം.
ഡിസിസി പ്രസിഡന്റുമാരിൽ 8:6 അനുപാതമാണ് എ, ഐ ഗ്രൂപ്പുകളുടെ സമവാക്യം. രാഹുൽ ഗാന്ധിക്ക് കൈമാറിയ പട്ടികയിൽ ഇത് പരിഗണിക്കപ്പെട്ടില്ലെന്നാണ് നേതാക്കൾ വിമർശനം ഉയർത്തിയതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തു. പല ജില്ലകളിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലും നൽകിയ നിർദ്ദേശങ്ങളാണ് സ്വീകരിക്കപ്പെട്ടതെന്നും ഇവർ കുറ്റപ്പെടുത്തി. കെപിസിസി വൈസ് പ്രസിഡന്റുമാരായ ടി സിദ്ധിഖിന്റേയും കൊടുക്കുന്നിലിന്റേയും നിർദ്ദേശങ്ങൾ പോലും സ്വീകരിച്ചപ്പോൾ തങ്ങളെ പാടെ തഴയുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ഇവർ പരാതിപ്പെട്ടു. തങ്ങളുടെ കുത്തക ജില്ലകളായ കോട്ടയത്തും ആലപ്പുഴയിലും പോലും പട്ടികയിൽ കടന്ന് കൂടിയത് വേണുഗോപാലിന്റേയും വിഡി സതീശന്റേയും ഇഷ്ടക്കാരാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.