തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഇടതുപക്ഷവുമായി കൊമ്പ് കോര്‍ക്കുന്ന എന്‍സിപി യുഡിഎഫിലേക്കെന്ന സന്ദേശം നല്‍കി. എന്‍സിപിയുടെ പൊതുപരിപാടി ഇന്ന് കോട്ടയത്ത് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എന്‍സിപി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ എല്‍ഡിഎഫില്‍ പാല സീറ്റിനെ ചൊല്ലി കലഹം ആരംഭിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി പാലയില്‍ ചെങ്കൊടി പാറിച്ചത് എന്‍സിപിയുടെ മാണി സി കാപ്പനായിരുന്നു. എന്നാല്‍ എന്‍സിപിയെ തഴഞ്ഞ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിന് പരിഗണന നല്‍കിയാണ് ഇടതുപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന എന്‍സിപി നിലപാടിന് പിന്നാലെ പാര്‍ട്ടി എല്‍ഡിഎഫ് വിട്ടേക്കുമെന്ന സൂചനകള്‍ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം എന്‍സിപി വേദിയില്‍ എന്നതും ശ്രദ്ധേയമാണ്.