രണ്ടില ചിഹ്നം കൊണ്ട് ജോസഫ് പോയി !!ശബരിമല വിഷയം പ്രചരണ വിഷയമാക്കിയാല്‍ ഒളിച്ചോടില്ലെന്ന് കോടിയേരി

കൊച്ചി:ശബരിമല വിഷയം ആരെങ്കിലും പ്രചരണ വിഷയമാക്കിയാല്‍ ഒളിച്ചോടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. ഭരണനേട്ടങ്ങള്‍ പറഞ്ഞ് തന്നെയാവും ഇടത് പക്ഷം തെരഞ്ഞെടുപ്പിനെ നേരിടുക . കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം കൊണ്ട് ജോസഫ് പോയെന്നും കോടിയേരി പരിഹസിച്ചു.

മുന്‍പ് ‘കുതിര’യുമായി ജോസഫ് പോയിരുന്നു. ഇനി എന്തു ചിഹ്‌നമായിരിക്കുമെന്ന് അറിയില്ല. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിച്ചു കൊണ്ടാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതോടൊപ്പം ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും ചര്‍ച്ചയാക്കും. എല്‍ഡിഎഫ് വളരെ നേരത്തെ തന്നെ സംഘടനാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി പ്രചാരണം ഊര്‍ജ്ജിതമാക്കി.

പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായതോടെ എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പെന്ന പ്രത്യേകതയുമുണ്ട്. ഒന്നര വര്‍ഷത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പുണ്ടാകും. ഇപ്പോള്‍ അധികാരത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമായ ജനപ്രതിനിധി പാലായില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത് ഇവിടത്തെ വികസനസാധ്യതകള്‍ക്ക് ഏറെ ഗുണകരമാകും.

”ഇത്തവണയും ഒരു മാണിയെ തന്നെ പാലാക്കാര്‍ തെരഞ്ഞെടുക്കും”; കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പുഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എല്‍ഡിഎഫിന്റെ ആത്മവിശ്വാസമാണ് സൂചിപ്പിക്കുന്നതെന്ന് ചോദ്യത്തിന് കോടിയേരി മറുപടി നല്‍കി. ശബരിമല നിലവില്‍ ചര്‍ച്ചാവിഷയമല്ല. ആരെങ്കിലും ചര്‍ച്ചയാക്കുമെങ്കില്‍ എല്‍ഡിഎഫ് ഒളിച്ചോടില്ല. നിലപാടുകള്‍ ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കും. ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസുമാണ് വിശ്വാസികളെ കബളിപ്പിച്ചത്.

സുപ്രിംകോടതിവിധി ദുര്‍ബലപ്പെടുത്തി പഴയ സ്ഥിതി പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എവിടെയാണ്. നിയമനിര്‍മാണം നടത്താനാകില്ലെന്നാണ് അവരും ഇപ്പോള്‍ പറയുന്നത്. വിശ്വാസികളെ വഞ്ചിച്ചവര്‍ ആരെന്ന് ഇപ്പോള്‍ വ്യക്തമാണ്. അവരോട് ഈ ഉപതിരഞ്ഞെടുപ്പില്‍ ജനം കണക്കു ചോദിക്കും. വ്യാഖ്യാനങ്ങള്‍ നടത്തി ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ആ തന്ത്രം പാലായില്‍ വിലിപ്പോവില്ലെന്നും കോടിയേരി വ്യക്തമാക്കി.

Top