തൃശൂര്‍ : പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ക്വാറി ഉടമകളെ പരസ്യമായി പിന്തുണച്ചതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചായസല്‍ക്കാരത്തിന് എത്തിയത് വിവാദമാകുന്നു. ഗ്രൂപ്പ് പ്രശ്നങ്ങളുടെ അലയൊലികള്‍ അടങ്ങിയ വേളയിലാണ് പുതിയ വിവാദം.ഉമ്മന്‍ചാണ്ടിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് എ ഗ്രൂപ്പ് നേതാക്കളായ ഡി.സി.സിയിലെ മുന്‍പ്രമുഖനും യുവ ഡി.സി.സി ഭാരവാഹിയുമാണെന്ന ആക്ഷേപവും ശക്തമാണ്.
വിവാദപുരുഷനായ മണ്ഡലം പ്രസിഡന്റുമായി ഉണ്ടായിരുന്ന ബന്ധങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ മറയാക്കുകയായിരുന്നു എന്നാണ് ആക്ഷേപം. അടുത്തിടെ സഹകരണ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച വിവാദത്തിനു പിന്നിലും ഇവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞ നാളുകളില്‍ ഉണ്ടായ ചില ബന്ധങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.ഈ ഭാഗത്തെ വന്‍ ബ്ലേഡ് മാഫിയകളുടെ പ്രവര്‍ത്തനവും വിവാദങ്ങള്‍ക്ക് പിന്നിലുണ്ട്. കഴിഞ്ഞ ഭരണകാലത്ത് പുത്തൂരിലെ ഒരു സഹകരണ സംഘം പ്രസിഡന്റ് വന്‍ ക്രമക്കേട് നടത്തി ജയിലിലായപ്പോഴും ഈ സംഘം കോടതിയിലും സംരക്ഷകരായി നിന്നിരുന്നു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനെ കമ്മിഷനായി നിയമിച്ച ശേഷമായിരുന്നു നേതാവിനെ സസ്പെന്‍ഡ് ചെയ്തത്. പി.എ. മാധവന്‍ ഡി.സി.സി പ്രസിഡന്റായിരിക്കെയാണ് കെ.പി.സി.സി സസ്പെന്‍ഡ് ചെയ്തത്. എ ഗ്രൂപ്പിനകത്തും ഈ വിഷയം ഭിന്നതയ്ക്ക് കാരണമായി. എന്നാല്‍ ചായ കഴിക്കാന്‍ കയറിയത് വിവാദമാക്കേണ്ടതില്ലെന്നാണ് ഇവരെ അനുകൂലിക്കുന്നവരുടെ പക്ഷം. പ്രാദേശിക പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിയെ കൊണ്ടുപോയി ചാടിച്ച് അഴിമതി മൂടിവയ്ക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ആക്ഷേപം.