സ്വന്തം ലേഖകൻ
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി മറ്റെന്നാൾ അധികാരത്തിലേൽക്കാൻ തയ്യാറായിട്ടും കോൺഗ്രസ് ആവട്ടെ പ്രതിപക്ഷ നേതാവ് ആരെന്ന് പോലും കണ്ടെത്താനാകാതെ തർക്കം തുടരുകയാണ്.
പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ തിരുവനന്തപുരവും ഡൽഹിയും കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള ബലാബലമാണ് ഈ തീരുമാനങ്ങൾ നീട്ടിക്കൊണ്ടു പോകുന്നതിന് മുഖ്യകാരണം.
ഇന്ന് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കും, ഹൈക്കമാന്റ് പ്രഖ്യാപിക്കും എന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇനിയും അന്തിമ തീരുമാനമായില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് പിന്നാലെ ഉമ്മൻചാണ്ടി ചെന്നിത്തലയ്ക്ക് മുന്നിൽ ഉപാധികളില്ലാതെ വഴിമാറി കൊടുക്കുകയായിരുന്നു. എന്നാൽ ഇത്തവണ പ്രതിപക്ഷ സ്ഥാനത്തിരുന്നു തിരഞ്ഞെടുപ്പിനെ നയിച്ച് പരാജയപ്പെട്ടിട്ടും ഒരു മാറ്റം വേണ്ടെന്ന നിലപാടിലാണ് ചെന്നിത്തലയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യം ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ മാറി നിൽക്കാം എന്ന നിലപാട് സ്വീകരിച്ച ചെന്നിത്തല പിന്നീട് മലക്കം മറിയുകയായിരുന്നു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി ആരോപണങ്ങൾ ഉയർത്തിയ ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരാൻ അനുയോജ്യനാണെന്ന വിലയിരുത്തലാണ് അദ്ദേഹത്തിന്റെ ക്യാംപിനുള്ളത്.
അതേ സമയം ദേശീയ തലത്തിലേക്ക് പാർട്ടി പദവികളിലേക്ക് മാറ്റപ്പെട്ടാൽ ഇനിയൊരിക്കലും കേരള രാഷ്ട്രീയത്തിൽ തിളങ്ങാനാവില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ പിടിമുറുക്കാൻ പ്രേരിപ്പിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുകയാണെങ്കിൽ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സി ജോസഫിനെ കൊണ്ടുവരണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എമാരിൽ മത്സരിക്കാതിരുന്ന ഏക നേതാവായിരുന്നു കെ.സി ജോസഫ്. തന്റെ വിശ്വസ്തൻ കൂടിയായ ജോസഫിന് പാർട്ടിയുടെ താക്കോൽ പദവി നൽകുക എന്നത് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹമാണ്.