തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ കൊല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന് ഒൻപതു ദിവസത്തിനു ശേഷമാണ് ഇയാളുടെ അറസ്റ്റ്. തമിഴ്‌നാട്ടിൽ നിന്ന് വരുന്ന വഴി കൊല്ലം ബസ് സ്റ്റാൻഡിൽ വെച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.
മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെയാണ് ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അക്രമിസംഘം വീട്ടിൽ മക്കളുടെ മുന്നിൽവച്ച് സുധീഷിന്റെ കാൽ വെട്ടിയെടുത്തു. കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ കൊണ്ടുപോയി അര കിലോമീറ്റർ അകലെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് കാൽ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടിൽ കയറി രക്ഷപ്പെട്ടങ്കിലും വീട്ടിന്റെ ജനലുകളും വാതിലും തകർത്ത സംഘം വീട്ടിനകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു. നാടൻ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം പരിസരവാസികളെ വാളും മഴുവും അടങ്ങുന്ന ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമായിരുന്നു ആക്രമണം.
അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്തിൽ ഒട്ടകം രാജേഷുണ്ടെന്ന വിവരം പോലീസിന് ലഭിച്ചതിന് തുടർന്ന് തിരച്ചിലിന് പോയ അന്വേഷണ പോലീസ് സംഘമാണ് ശനിയാഴ്ച അഞ്ചുതെങ്ങ് കായലിൽ അപകടത്തിൽപ്പെട്ടത്. വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പോലീസ് സേനാംഗം ബാലുവിന് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.


