ലണ്ടൻ: കോവിഡിനെതിരെ ഓക്സ്ഫഡ് വാക്സീന്റെ ബ്രിട്ടനിലെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചിരിക്കയാണ് .പരീക്ഷണം തുടരാൻ അനുമതി ലഭിച്ചെന്ന് ബ്രിട്ടൻ കമ്പനി അസ്ട്രാസെനക അറിയിച്ചു. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്രസെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നേരത്തെ നിർത്തിയത്. ഇതാണ് പുനരാരംഭിക്കുന്നത്. യുകെയിൽ വാക്സീൻ പരീക്ഷിച്ച ഒരാളിൽ വിപരീതഫലം കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് പരീക്ഷണം നിർത്തിവച്ചത്.‘അസ്ട്രാസെനക ഓക്സ്ഫെഡ് കൊറോണ വൈറസ് വാക്സീന്റെ (AZD1222) ക്ലിനിക്കൽ ട്രയൽ പുനരാരംഭിച്ചു. വാക്സീൻ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ)യുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചത്. ’– അസ്ട്രാസെനക ഇറക്കിയ കുറിപ്പിൽ പറയുന്നു.
വാക്സീൻ സ്വീകരിച്ച ഒരാൾക്ക് ‘വിശദീകരിക്കാനാവാത്ത’ ആരോഗ്യപ്രശ്നം കണ്ടതിനെത്തുടർന്നു പരീക്ഷണം താൽക്കാലികമായി നിർത്തുന്നുവെന്ന് സെപ്റ്റംബർ 9ന് അസ്ട്രാസെനക അറിയിച്ചത്. പരീക്ഷണങ്ങളിൽ ഇതു സാധാരണയാണെന്നും സ്വമേധയാ നിർത്തിവച്ചതാണെന്നും ഉൽപാദക കമ്പനിയായ അസ്ട്രാസെനക അറിയിച്ചു. ശാരീരിക പ്രശ്നങ്ങളുണ്ടായാൽ അതു വാക്സീൻ കാരണമല്ല എന്നു സ്ഥിരീകരിക്കുന്നതു വരെ പരീക്ഷണം നിർത്തിവയ്ക്കുമെന്നുമാണ് പറഞ്ഞത്.
ഇതു സംബന്ധിച്ച് ഒരു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ‘സ്വതന്ത്ര കമ്മറ്റിയുടെ അന്വേഷണം അവസാനിച്ചു. പരീക്ഷണം പുനരാരംഭിക്കാൻ സുരക്ഷിതമാണെന്ന് എംഎച്ച്ആർഎയോട് ശുപാർശ ചെയ്തു’, അസ്ട്രാസെനക അറിയിച്ചു. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം നടത്തുന്നത്. യുകെയിൽ പരീക്ഷണം നിർത്തിവച്ചതിനു പിന്നാലെ ഇന്ത്യയിലെ പരീക്ഷണവും നിർത്തിയിരുന്നു. കോവിഡിനെതിരെ ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ച ഏക വാക്സീനാണ് ഓക്സ്ഫഡിന്റേത്. യുകെയ്ക്കു പുറമേ, ഓക്സ്ഫഡ് വാക്സീൻ പരീക്ഷിക്കുന്ന യുഎസ്, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പരീക്ഷണം നിർത്തിയിരുന്നു.