കണ്ണൂര്‍ :ഒതുക്കിയാലും അതുക്കും മുകളിലാണ് പി ജയരായജൻ .പാർട്ടിയുടെ ഒതുക്കൾ തുടരുമ്പോഴും കണ്ണൂരിൽ താരമായി നിൽക്കുന്നത് പി ജയരാജൻ തന്നെയാണ് . സി.പി.എമ്മിന്റെ തലസ്‌ഥാനമായ കണ്ണൂരില്‍ ഇക്കുറിയും പാര്‍ട്ടി സമ്മേളനത്തില്‍ മുഖ്യവിഷയം പി. ജയരാജന്‍. പാര്‍ട്ടിക്കും മേലേ വളര്‍ന്ന അദ്ദേഹത്തെ ശാസിച്ചതാണു കഴിഞ്ഞ സമ്മേളനകാലത്തു ചര്‍ച്ചയായതെങ്കില്‍, ഇക്കുറി ഒതുക്കപ്പെട്ടിട്ടും പി. ജയരാജന്‍ മുഖ്യ ചര്‍ച്ചാവിഷയമാകുന്നതിന്റെ അസ്വസ്‌ഥതയാണ് ഇക്കുറി സമ്മേളനകാലത്തു നിറയുന്നത്. ജയരാജന്റെ അനുഭാവികള്‍ അസംതൃപ്‌തി എങ്ങനെയൊക്കെ പ്രകടിപ്പിക്കുമെന്നു നിരീക്ഷിക്കാന്‍ എല്ലാ ഏരിയാ സമ്മേളനങ്ങളിലും നേതൃത്വത്തിന്റെ കര്‍ശന നിരിക്ഷണമുണ്ട്.
പാര്‍ട്ടിയുടെ ശക്‌തികേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കൂടി നടക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ടാണ് നേതൃത്വത്തിന്റെ ഈ കര്‍ശന നിരീക്ഷണം. ഒക്‌ടോബറില്‍ പൂര്‍ത്തിയായ ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ പി. ജയരാജനെ അകറ്റിനിര്‍ത്തുന്നതിലും അവഗണിക്കുന്നതിലും താഴേത്തട്ടിലെ അണികള്‍ക്കു കടുത്ത പ്രതിഷേധമുണ്ട്. കോണ്‍ഗ്രസ് വിട്ടു വന്ന ശോഭനാ ജോര്‍ജ് വഹിച്ച, ചെറിയാന്‍ ഫിലിപ്പ് നിരസിച്ച ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്‌ഥാനം ജയരാജനു നല്‍കിയത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്‌തമാണ്. ഈ വികാരം ജില്ലാ സമ്മേളനത്തില്‍ പ്രതിഫലിക്കുമെന്ന് പാര്‍ട്ടിക്കു ബോധ്യമുണ്ട്.
ഈ സ്‌ഥാനം നല്‍കിയത് അദ്ദേഹത്തെ ഒതുക്കാനും കണ്ണൂരില്‍ നിന്നു മാറ്റിനിര്‍ത്താനുമുള്ള നീക്കമായാണ് അണികള്‍ കാണുന്നത്. കണ്ണൂര്‍ ജില്ലയിലെ അണികള്‍ക്കിടയില്‍ പി. ജയരാജനുള്ള സ്വാധീനത്തിന്റെ പ്രതിഫലനമായുണ്ടായ സംഭവങ്ങള്‍ പലപ്പോഴും പാര്‍ട്ടിവിരുദ്ധമെന്നു വിശേഷിപ്പിക്കാവുന്ന തലത്തിലേക്കു പലവട്ടം നീങ്ങിയിരുന്നു. എന്നാല്‍ കടുത്ത നടപടികളിലേക്കു നീങ്ങാതെ, ജയരാജനെ അനുനയിപ്പിച്ച് പ്രശ്‌നം പരിഹരിക്കാനാണു നേതൃത്വം താത്‌പര്യമെടുത്തിരുന്നത്. അതേസമയം, അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ആരാധക വൃന്ദത്തിനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്. ക്രിമിനല്‍- ക്വട്ടേഷന്‍ -സ്വര്‍ണക്കടത്ത്‌സംഘങ്ങളെ തള്ളിപ്പറഞ്ഞതും ആ നീക്കത്തിന്റെ ഭാഗമാണ്.
പി. ജയരാജന്റെ അനുകൂലികള്‍ പാര്‍ട്ടി തീരുമാനം ലംഘിക്കുന്നുണ്ടോ എന്ന് നീരീക്ഷിക്കുന്നതിനുള്ള സംവിധാനം നേതൃത്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ ചിത്രം ആലേഖനം ചെയ്‌ത ഫ്‌ളക്‌സുകളും പോസ്‌റ്ററുകളും സമ്മേളന പ്രചാരണത്തിനുപയോഗിക്കരുതെന്ന് ഈ സാഹചര്യത്തില്‍ പി. ജയരാജന്‍ അണികള്‍ക്ക് നിര്‍ദേശം. നല്‍കിയത്. ഏരിയാ സമ്മേളനം മുതല്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വിലയിരുത്തല്‍ കൂടി നടക്കുന്നതിനാല്‍ എല്ലാ ഏരിയാ സമ്മേളനങ്ങളിലും നേതൃത്വത്തിന്റെ കര്‍ശന നിരീക്ഷണമുണ്ട്.
മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെയും പി. ജയരാജനെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒതുക്കിയതാണെന്നാണ് ഒരു വിഭാഗം പറയുന്നത്. എറണാകുളത്തു നടക്കുന്ന സംസ്‌ഥാന സമ്മേളനത്തിനിടെ സംസ്‌ഥാന കമ്മിറ്റിയില്‍ വ്യാപക അഴിച്ചുപണി നടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കുമാകും ഇക്കുറി സംസ്‌ഥാന കമ്മിറ്റിയില്‍ കൂടുതല്‍ സ്‌ഥാനങ്ങള്‍ ലഭിക്കുക.ഈ സാഹചര്യത്തില്‍ പി. ജയരാജനടക്കമുള്ള നേതാക്കളെ സംസ്‌ഥാന നേതൃത്വത്തില്‍നിന്ന് ഒഴിവാക്കാനോ സംസ്‌ഥാന സെക്രേട്ടറിയറ്റിലേക്കു സ്‌ഥാനക്കയറ്റം നല്‍കാതിരിക്കാനോ നീക്കം നടക്കുന്നതായി അണികള്‍ സംശയിക്കുന്നു.