കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ പ്രതിപ്പട്ടിയില്‍.കേസില്‍ 25-ാം പ്രതിയായാണ് ജയരാജനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഗൂഡാലോചനയില്‍ ജില്ല സെക്രട്ടറിക്ക് പങ്കുണ്ടെന്ന് സിബിഐ പറയുന്നു.യുഎപിഎ 18-ാം വകുപ്പും ജയരാജനെതിരെ ചുമത്തിയിട്ടുണ്ട്.തലശേരി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതൊടെ ജയരാജന്‍ ഇപ്പോള്‍ എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
പ്രതി ചേര്‍ത്ത സ്ഥിതിക്ക് ഇനി എപ്പോള്‍ വേണമെങ്കിലും അദ്ധേഹത്തെ സിബിഐക്ക് അറസ്റ്റ് ചെയ്യാം.ജയരാജനെ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇനി അറസ്റ്റ് ഒഴിവാക്കന്‍ ജയരാജന്‍ നിയമപരമായി നീങ്ങാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് സിബിഐ ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.എന്നാല്‍ ബലം പ്രയോഗിച്ച് സിബിഐ അദ്ധേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തലശേരി കോടതിയും പരിഗണിച്ചപ്പോഴെല്ലാം അദ്ധേഹം കേസില്‍ പ്രതിയല്ലെന്നായിരുന്നു സിബിഐ നിലപാട്.
എന്നാല്‍ ജാമ്യാപേക്ഷ തള്ളാനായുള്ള അടവായിരുന്നു ഇതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.ആര്‍എസ്എസിന്റെ കണ്ണൂര്‍ ബൈടെക് തീരുമാനപ്രകാരമാണ് ജയരാജന്റെ അറസ്റ്റെന്ന് ഇപ്പോള്‍ തന്നെ ആക്ഷേപമുയര്‍ന്ന് കഴിഞ്ഞു.ജയരാജനെ അറസ്റ്റ് ചെയ്താല്‍ സംസ്ഥാനത്തെ സിപിഎമ്മിനെ തന്നെ പ്രതിരോധത്തിലാക്കാന്‍ കഴിയുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
മനോജിനെ വധിച്ച കേസില്‍ പ്രധാന പ്രതിയായ വിക്രമന്‍ ജയരാജന്റെ സന്തതസഹചാരിയാണ്.മുന്‍പ് ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്നു ആര്‍എസ്എസ് ശാരീരിക് പ്രമുഖ് കൂടിയായ കൊല്ലപ്പെട്ട കതിരൂര്‍ മനോജ്.ജയരാജന്‍ ഉള്‍പ്പെടെ സിപിഎമ്മിന്റെ നേരിട്ടുള്ള അറിവോടെ തന്നെയാണ് കൊലപാതകമെന്ന വിലയിരുത്തലാണ് സിബിഐ.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോടിയേരിയുടെ സാനിധ്യത്തില്‍ കണ്ണൂര്‍ ജില്ല കമ്മറ്റി യോഗം ചേരുകയാണിപ്പോള്‍. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് ജയരാജന്റെ നിലപാട്.
അതേസമയം, കേസില്‍ പി.ജയരാജന്‍ നാളെ വീണ്ടും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കും. തലശേരി സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കുന്നത്. നേരത്തെ ജയരാജന്‍ സമര്‍പ്പിച്ച രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. യുഎപിഎ 43(ഡി) വകുപ്പ് ചേര്‍ക്കപ്പെട്ട കേസ് ആയതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചായിരുന്നു ഇത്. ആറുമാസം മുന്‍പാണ് ജയരാജന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ആദ്യം കോടതി തള്ളിയത്.