കണ്ണൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. കേരളത്തില്‍ ശബരിമല വിഷയം കൂടി കണക്കിലെടുത്താകും ജനവിധിയെന്ന് എല്ലാ പാര്‍ട്ടികള്‍ക്കും പൂര്‍ണ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് നിര്‍ണായകമാണ്. കണ്ണൂരില്‍ ഇത്തവണ പോരാട്ടം കനക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാമ്പുറ സംസാരം. ഇടതുപക്ഷം തുറുപ്പുചീട്ടായ പി ജയരാജനെ നിര്‍ത്തി പോര്‍ക്കളം പിടിക്കാനുള്ള നീക്കത്തിലാണ്.
പികെ ശ്രീമതിയുടെ പേരാണ് പി ജയരാജന്റെ പേരിനൊപ്പം കണ്ണൂരില്‍ കേള്‍ക്കുന്നത്. വിമാനത്താവളമടക്കമുള്ള വികസനപ്രവൃത്തികളും മണ്ഡലത്തിലെ മുന്നോക്ക സമുദായ വോട്ടുകളുമാണ് ശ്രീമതിക്ക് അനുകൂലമായ ഘടകങ്ങള്‍. 2014ല്‍ ശക്തമായ പോരാട്ടമാണ് പി കെ ശ്രീമതിയും കെ സുധാകരനും തമ്മില്‍ നടന്നത്. 6000ത്തില്‍ പരം വോട്ടിനാണ് ശ്രീമതി ജയിച്ചത്. പക്ഷേ, ഇത്തവണ എതിര്‍ സ്ഥാനത്ത് സുധാകരന്‍ വരുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാന്‍ പി ജയരാജനെ തന്നെ നിര്‍ത്താനാണ് തീരുമാനമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ തന്നെ പുറത്തുവിടുന്നു.
കോണ്‍ഗ്രസ് ശക്തനായ പോരാളിയായ കെ സുധാകരനെ നിര്‍ത്തുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ലോക്‌സഭയിലും നിയമസഭയിലും തുടര്‍ച്ചയായി മല്‍സരിച്ച് തോറ്റ കെ സുധാകരനെ വീണ്ടും നിര്‍ത്തുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകളുണ്ട്. എന്നാല്‍ ശബരിമല വിഷയത്തിന് പിന്നാലെ വിശ്വാസ സംരക്ഷണ യാത്ര നടത്തിയതും അതിന് ലഭിച്ച ജന പിന്തുണയും സുധാകരനെ തന്നെ നിര്‍ത്തുന്നതിന് പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കുന്നുണ്ട്.
ബിജെപിയുടെ യാത്രയ്ക്ക് പോലുമില്ലാത്ത ജനക്കൂട്ടം സുധാകരനെ സ്വീകരിക്കാന്‍ നിരന്നതും സുധാകരന്‍ സ്വയം നിലയ്ക്കലിലെത്തി സംഘര്‍ഷ സമയത്ത് പോലീസിനോട് ഇടപെട്ടതും ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് പാര്‍ട്ടി വിചാരിക്കുന്നത്. എന്നാല്‍ ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയും അബ്ദുള്ളക്കുട്ടിയുമടക്കം പല പ്രമുഖരും സീറ്റിനായി രംഗത്തുണ്ട്. സതീശന്‍ പാച്ചേനി സ്വന്തം ഭൂമി വിറ്റ് പാര്‍ട്ടി കെട്ടിടത്തിന് പണം നല്‍കിയതും പാര്‍ട്ടിയെ കുഴക്കുന്നുണ്ട്. ജനഹൃദയങ്ങളില്‍ പാച്ചേനിക്ക് വലിയ സ്ഥാനമുണ്ടെന്നത് പാര്‍ട്ടിക്ക് കാണാതെ പോകാനാവില്ല.