
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയില്‍ പാക് പതാക വീശിയെന്ന് പരാതി. പരാതിയില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
കണ്ണൂര്‍ വളപട്ടണം സ്വദേശി കെ.എ ഷാജ് പ്രശാന്ത് നല്‍കിയ പരാതിയിലാണ് നടപടി. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ബി.ജെ.പി പ്രവര്‍ത്തകയായ അഡ്വ.പ്രേരണകുമാരി രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പാകിസ്ഥാന്‍ പതാക വീശിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഈ വാര്‍ത്ത സത്യമാണെങ്കില്‍ പാകിസ്ഥാന്‍ പതാക ഉപയോഗിച്ചതിന് കേസെടുക്കണമെന്നും, അല്ലങ്കില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച പ്രേരണകുമാരിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗിന്റെ കൊടിയെയാണ് പലരും പാകിസ്ഥാന്റെ കൊടിയാണ് എന്ന് തെറ്റായി പറയുന്നത്. എന്നാല്‍ ലീഗിന്റെ കൊടിയും പാകിസ്ഥാന്റെ കൊടിയും തമ്മിലുള്ള വ്യത്യാസം അറിയാത്തവരല്ല ഇത്തരത്തില്‍ വ്യാജവാര്‍ത്തകല്‍ ചമയ്ക്കുന്നതെന്ന് വ്യക്തം.