തിരുവനന്തപുരം: പാലാ ഉതെരഞ്ഞെടുപ്പിലെ വിധിയെഴുത്തിൽ 71.43 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വിജയം യുഡിഎഫിനൊപ്പമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേഫലം. 48 ശതമാനം വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസും എ ഇസഡ് റിസര്‍ച്ച് പാര്ട്ണേഴ്സും ചേര്‍ന്ന് പാലായില്‍ നടത്തിയ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.ആകെയുള്ള 179107 വോട്ടർമാരിൽ 127939 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ഇതിൽ 65203 പേർ പുരുഷൻമാരും 62736 പേർ സ്ത്രീകളുമാണ്. പുരുഷൻമാരിൽ 74.32 ശതമാനം പേരും സ്ത്രീകളിൽ 68.65 ശതമാനം പേരും വോട്ടു ചെയ്തു. കെ എം മാണിക്കു ശേഷം പാലാ കടന്ന് നിയമസഭയിലേക്കെത്തുന്നത് ജോസ് ടോം തന്നെയായിരിക്കുമെന്നാണ് പാലാ പറയുന്നതെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.നാലാമങ്കത്തിലും മാണി സി കാപ്പന് പരാജയം രുചിക്കും. 16 ശതമാനം വോട്ടുകള്‍ക്കായിരിക്കും ജോസ് ടോം വിജയിക്കുക. എല്‍ഡിഎഫിന് 32 ശതമാനം വോട്ടുകള്‍ നേടാനേ സാധിക്കൂ. ബിജെപി 19 ശതമാനവും മറ്റുള്ളവര്‍ ഒരു ശതമാനവും വോട്ടുകള്‍ നേടും.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.25 ശതമാനവും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 72.68 ശതമാനവുമായിരുന്നു പാലാ നിയമസഭാ മണ്ഡലത്തിലെ പോളിംഗ്. രാവിലെ തന്നെ സ്ഥാനാർഥികളും മണ്ഡലത്തിലെ പ്രമുഖരും വോട്ട് രേഖപ്പെടുത്തി. കൂവത്തോട് ഗവ. എൽപി സ്കൂളിലെ 145ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമും ഭാര്യ ജെസിയും വോട്ട് ചെയ്തത്. എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ കാണാട്ടുപാറയിലെ 119ാം ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി എൻ.ഹരിക്ക് മണ്ഡലത്തിൽ വോട്ടില്ല. ജോസ് കെ. മാണി എംപി, ഭാര്യ നിഷ, കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ, സംവിധായകൻ ഭദ്രൻ, നടി മിയ ജോർജ്, നടൻ ചാലി പാലാ തുടങ്ങിയ പ്രമുഖരെല്ലാം വോട്ടവകാശം വിനിയോഗിച്ചു.
വോട്ടുവിഹിതത്തിന്റെ കാര്യത്തില്‍ യുഡിഎഫ് 2016ലേതില്‍ നിന്ന് നില മെച്ചപ്പെടുത്തുമെന്നാണ് പ്രവചനം. അന്ന് 42 ശതമാനം മാത്രമായിരുന്നു യുഡിഎഫ് നേടിയത്. (58.884 വോട്ടുകള്‍).എല്‍ഡിഎഫിനാകട്ടെ വോട്ടുവിഹിതത്തില്‍ കുറവു വരും. 2016ല്‍ 39 ശതമാനമായിരുന്നത് (54,181 വോട്ടുകള്‍) ഇക്കുറി ഏഴു ശതമാനം കുറയും. എന്‍ഡിഎയുടെ വോട്ടുവിഹിതത്തില്‍ ഒരു ശതമാനം വര്‍ധന ഉണ്ടാകും. 2016ല്‍ 18 ശതമാനമായിരുന്നു (24,821 വോട്ടുകള്‍) എന്‍ഡിഎയുടെ വോട്ടുവിഹിതം. 2011ലാകട്ടെ ഇത് വെറും അഞ്ച് ശതമാനം (6359 വോട്ടുകള്‍) മാത്രമായിരുന്നു. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
അതേസമയം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാലയില്‍ ബി.ജെ.പിയില്‍ തമ്മിലടി. തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനെ ആരോപണത്തെ തുടര്‍ന്ന് ബി.ജെ.പി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമാണ് സസ്പെന്ഷന്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബിനു പുളിക്കണ്ടം സമീപകാലത്താണ് ബി.ജെ.പിയിലേക്ക് എത്തിയത്. തുടര്‍ന്ന് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി നിയമിക്കുകയായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി തള്ളിക്കളഞ്ഞതോടെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ഥിയാകാന്‍ ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബിനു പുളിക്കണ്ടത്തിന്റെ പേര് ഉയര്‍ന്നിരുന്നെങ്കിലും എന്‍.ഹരിയുടെ വിജയസാധ്യത കണക്കിലെടുത്ത് തള്ളുകയായിരുന്നു. എന്നാല്‍ ഇതിന്റെ അമര്‍ഷം കാരണം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ബിനു പുളിക്കണ്ടത്തിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.