കോട്ടയം: നിർണ്ണായകമായ നിയസഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭയെ ബി.ജെ.പിയ്‌ക്കൊപ്പം നിർത്താൻ ആർ.എസ്.എസ് ഇടപെടൽ. ശബരിമലയിലെ സുപ്രീം കോടതി വിധിയെ തുടർന്നു ഹൈന്ദവ മേഖലയിൽ ചലനമുണ്ടാക്കിയ ബി.ജെ.പി, ഇത്തവണ മറ്റൊരു സുപ്രീം കോടതി വിധിയെയാണ് ഉപയോഗിക്കുന്നത്. കേരള കോൺഗ്രസിനു നിർണ്ണായക സ്വാധീനമുള്ള പാലായിൽ ബി.ജെ.പി പിടിച്ചു കയറുന്നതിന്റെ ലക്ഷണങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കണ്ടു തുടങ്ങിയിട്ടുണ്ട്. പാലാ രൂപത അദ്ധ്യക്ഷന്റെ അടുത്തു നിന്നും രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന വാങ്ങിയ ആർ.എസ്.എസ് നേതൃത്വം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകളാണ് നീട്ടിയത്.
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനു വേണ്ടി ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ സംഭാവന സ്വീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ പാലാ രൂപതയിൽ നിന്നും ആർ.എസ്.എസ് സംഭാവന സ്വീകരിച്ചത്.
അയോദ്ധ്യയിലെ ശ്രീരാമ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ പാലാ രൂപതയുടെ നടപടിയാണ് വിവാദമായി മാറിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പാലാ രൂപതയിൽ നിന്നും ആർ.എസ്.എസ് രാമക്ഷേത്ര നിർമ്മാണത്തിനു സംഭാവന സ്വീകരിച്ചതാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.
പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിന്നും രാമക്ഷേത്ര നിർമ്മാണ നിധിയിലേക്കുള്ള സംഭാവന ആർ എസ് എസ് ജില്ലാ സംഘചാലക് കെ.എൻ.ആർ നമ്പൂതിരിയാണ് സ്വീകരിച്ചത്. കോട്ടയം വിഭാഗ് സേവാപ്രമുഖ് ഡി. ശശി, പൊൻകുന്നം ജില്ലാ(ആർ.എസ്.എസ് സംഘടനാ ജില്ല)കാര്യകാരി സദസ്യൻ ഡി. പ്രസാദ്,മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവൻ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ തവണ കെ.എം മാണിയ്‌ക്കെതിരെ അന്നത്തെ ജില്ലാ പ്രസിഡന്റ് എൻ.ഹരി മത്സരിച്ചപ്പോൾ 24,821 വോട്ടാണ് ബി.ജെ.പി നേടിയത്. മൂവായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് അന്ന് കെ.എം മാണിയ്ക്കുണ്ടായിരുന്നത്. ഇത്തവണ പാലായിൽ ബി.ജെ.പിയ്ക്ക് ശക്തമായ വോട്ട് വർദ്ധനവ് ഉണ്ടെന്ന് ബി.ജെ.പി വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ക്രൈസ്തവ സഭകൂടി പിൻതുണച്ചാൽ ബി.ജെ.പി പാലായിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
പാലാ രൂപതയുടെ പരിധിയിൽ വരുന്ന മുത്തോലി പഞ്ചായത്തിൽ നിലവിൽ ബി.ജെ.പിയാണ് ഭരണം നടത്തുന്നത്. കേരള കോൺഗ്രസിനും സി.പി.എമ്മിനും ക്രൈസ്തവ സഭകൾക്കും നിർണ്ണായകമായ സ്വാധീനമാണ് ഈ പഞ്ചായത്തിലുള്ളത്. ഇവിടെയാണ് ബി.ജെ.പി ഭരണം പിടിച്ചത്. ഇത് ക്രൈസ്്തവ സഭകളുടെ മനം മാറ്റത്തിനു കാരണമുണ്ടായതായി സൂചനയുണ്ട്. ഇതേ തുടർന്നാണ് ഹൈന്ദവ സഭാ നേതൃത്വം പാലാ രൂപതാ ആസ്ഥാനത്ത് എത്തിയതും ക്ഷേത്രത്തിന്റെ നിർമ്മാണ നിധിയിലേയ്ക്കു സംഭാവന നൽകിയതുമെന്നാണ് സൂചന.