ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് ഫാദര്‍ മാത്യു മണവത്ത്!!! വ്യാജ പ്രചരണം തിരുത്തണമെന്നും ആവശ്യം

അഡ്വക്കറ്റ് ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ച ക്രിസ്ത്യന്‍ പുരോഹിതരെ ബിജെപിയില്‍ അംഗത്വമെടുത്തെന്ന് പ്രചരിപ്പിക്കുന്നതായി പരാതി. ബിജെപിയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചാരണം നടന്നത്. ഇതിനെതിരെ ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ച ഫാദര്‍ മാത്യു മണവത്ത് രംഗത്തെത്തി.

തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമെല്ലെന്നും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും പേജിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ തെറ്റു തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ശ്രീധരന്‍ പിള്ളയോടൊപ്പം പാര്‍ട്ടി ഷാള്‍ പുതച്ചു കൊണ്ട് നില്‍ക്കുന്ന കൃസ്തീയ പുരോഹിതരുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ബിജെപി നുണ പ്രചാരണം നടത്തുന്നത്.

അഞ്ചു പുരോഹിതരാണ് ചിത്രത്തിലുള്ളത്. ഇവര്‍ക്ക് ഷാള്‍ പുതയ്ക്കുന്ന ചിത്രങ്ങളും പേജില്‍ പങ്കു വെച്ചിട്ടുണ്ട്. ‘കോട്ടയത്ത് ക്രിസ്ത്യന്‍ പുരോഹിതര്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.

എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും, ഇന്ന് കോട്ടയത്ത് നടന്ന ചടങ്ങ് കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയുടെ കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരായാണ് തങ്ങള്‍ അംഗത്വം എടുത്തതെന്ന് വൈദികര്‍ പ്രസംഗത്തില്‍ പറഞ്ഞു.’- ഇതാണ് ചിത്രങ്ങളോടൊപ്പമുള്ള കുറിപ്പ്. നേരത്തെ പുരോഹിതരുടെ പേരുകള്‍ പോസ്റ്റില്‍ കുറിച്ചിരുന്നുവെങ്കിലും വിവാദമായതിനെത്തുടര്‍ന്ന് അത് എഡിറ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

bjp2

ബിജെപിയുടെ പോസ്റ്റില്‍ പേരെടുത്ത് പറഞ്ഞ പുരോഹിതരില്‍പ്പെട്ട ഫാദര്‍ മാത്യു മണവത്ത് തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും പേജിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ തെറ്റു തിരുത്തണമെന്നും ആവശ്യപ്പെട്ട് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിപ്പെഴുതിയിട്ടുണ്ട്. തന്റെ പ്രവര്‍ത്തന മണ്ഡലം ആത്മീയ രംഗവും വിദ്യാഭ്യാസ രംഗവുമാണെന്നും രാഷ്ട്രീയം തന്റെ മേഖലയല്ലെന്നും അദ്ദേഹം പറയുന്നു.

Top