പാലായും രാജ്യസഭാ സീറ്റുമില്ല: ജോസ് കെ.മാണി രാജി വച്ച രാജ്യസഭാ സീറ്റും കേരള കോൺഗ്രസിനു തന്നെ; എൻ.സി.പിയിൽ പൊട്ടിത്തെറി

കോട്ടയം: പാലായും രാജ്യസഭാ സീറ്റും ഇടതു മുന്നണി കേരള കോൺഗ്രസിനു തന്നെ വിട്ടു നൽകിയേക്കും. ഏതെങ്കിലും ഒരു സീറ്റ് നൽകി എൻ.സി.പിയെ അനുനയിപ്പിച്ച് ഒപ്പം നിർത്താമെന്നുള്ള നീക്കം ഇടതു മുന്നണി അവസാനിപ്പിച്ചതായുള്ള സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ചർച്ച നടത്താനിരിക്കെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിനു തന്നെയാണ് എന്ന വാർത്ത പുറത്തു വന്നത് എൻ.സി.പിയ്ക്കു വൻ തിരിച്ചടിയായി.

പാലാ സീറ്റ് ലഭിച്ചില്ലെങ്കിൽ, ജോസ് കെ.മാണി രാജി വച്ച രാജ്യസഭാ സീറ്റ് ലഭിക്കുമെന്നായിരുന്നു എൻ.സി.പിയുടെ പ്രതീക്ഷ. ഈ സീറ്റിൽ മത്സരിച്ച് മാണി സി.കാപ്പനെ രാജ്യസഭയിലേയ്ക്കു അയക്കാമെന്നും എൻ.സി.പി പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഇന്നു പുറത്തു വന്ന വാർത്തകൾ എൻ.സി.പിയ്ക്കു പ്രതീക്ഷ നൽകുന്നതല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനായിരുന്ന കെ.എം മാണി അൻപത് വർഷത്തോളം പ്രതിനിധാനം ചെയ്ത മണ്ഡലമായ പാലാ കേരള കോൺഗ്രസിനു വൈകാരികമായ മണ്ഡലമാണ്. ഈ പാലാ വിട്ടു കൊടുക്കില്ലെന്ന നിലപാടാണ് ആദ്യം മുതൽ തന്നെ എൻ.സി.പി സ്വീകരിച്ചിരുന്നത്. വർഷങ്ങളോളം കെ.എം മാണിയ്‌ക്കെതിരെ മത്സരിച്ച് ഘട്ടം ഘട്ടമായാണ് തങ്ങൾ വിജയം നേടിയതെന്നും എൻ.സി.പി ജില്ലാ – സംസ്ഥാന നേതൃത്വങ്ങൾ അവകാശപ്പെട്ടിരുന്നത്.

എന്നാൽ, പാലാ സീറ്റിന്റെ കാര്യത്തിൽ കേരള കോൺഗ്രസ് പ്രതികരണത്തിന് ഒന്നും തയ്യാറായിരുന്നില്ല. മുന്നണിയുടെ നിലപാട് സംബന്ധിച്ചു, മുന്നണി ചർച്ച ചെയ്യട്ടേ എന്ന നിലപാട് സ്വീകരിച്ച കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ഒരക്ഷരം പോലും പറയാനും തയ്യാറായിരുന്നില്ല.

എന്നാൽ, പാലാ സീറ്റിനു വേണ്ടി സമ്മർദം ശക്തമാക്കിയാൽ രാജ്യസഭാ സീറ്റ് തങ്ങൾക്കു ലഭിക്കുമെന്നായിരുന്നു എൻ.സി.പിയുടെ പ്രതീക്ഷ. എന്നാൽ, മുന്നണി വിടുമെന്ന ഭീഷണി മുഴക്കിയിട്ടു പോലും രാജ്യസഭാ സീറ്റ് ഇടതു മുന്നണി കേരള കോൺഗ്രസിനു തന്നെ നൽകാൻ സ്വീകരിക്കുകയായിരുന്നു. ഇത് എൻ.സി.പിയെ കടുത്ത സമ്മർദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇനി എന്താവും എൻ.സി.പിയുടെ നിലപാട് എന്നാണ് ഇടതു മുന്നണി കാത്തിരിക്കുന്നത്.

Top