പ്രചാരണം അവസാന ഘട്ടത്തോടടുക്കുമ്പോൾ കേന്ദ്ര – സംസ്ഥാന മന്ത്രിമാരുടെയും, ദേശീയ – സംസ്ഥാന നേതാക്കളുടെയും കുത്തൊഴുക്കിൽ പാലാ ഇളകി മറിയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ, മൂന്ന് ദിവസം തങ്ങി പ്രചാരണം ക്ലൈമാക്സിലെത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുകയാണ്. കേന്ദ്ര മന്ത്രി വി.മുരളീധരന് പുറമെ പ്രധാന നേതാക്കളെ ഇറക്കിയാണ് എൻ.ഡി.എയുടെ വോട്ട് തേടൽ.
എന്നാൽ ഇപ്പോഴും പാലായിൽ ജോസഫ് പക്ഷം ഇടഞ്ഞു തന്നെ. ക്ഷണിച്ചില്ലെങ്കിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. പി.ജെ ജോസഫ് പങ്കെടുത്ത യുഡിഎഫ് യോഗത്തിൽ സ്ഥാനാർത്ഥി ജോസ് ടോം പങ്കെടുക്കാത്തതിലും ജോസഫ് പക്ഷം അമർഷം പരസ്യമാക്കി. എന്നാൽ പ്രചാരണത്തിരക്ക് മൂലമാണ് ജോസ് ടോം യോഗത്തിൽ എത്താതിരുന്നതെന്ന് ജോസ് കെ മാണി വിശദീകരിച്ചു.
ഒറ്റക്കെട്ടെന്ന പ്രയോഗം പാലായിൽ പ്രാവർത്തികമാകാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കിയാണ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് രംഗത്തെത്തിയത്. പിജെ ജോസഫ് എത്തുന്ന പൊതുയോഗത്തിൽ പങ്കെടുക്കും, മറ്റ് പ്രചാരണ പരിപാടികളിൽ ക്ഷണം കിട്ടിയിട്ടില്ല. അറിയിക്കാത്ത പരിപാടി അന്വേഷിച്ച് കണ്ടെത്തി പങ്കെടുക്കില്ലെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. മണ്ഡലത്തിൽ നടന്ന യുഡിഎഫ് നേതൃയോഗത്തിൽ സ്ഥാനാർത്ഥി എത്താത്തത് കരുതിക്കൂട്ടിയാണെന്ന് സൂചന നൽകുന്നതായിരുന്നു സജിയുടെ പ്രതികരണം. ഇതുവരെ ജോസ് ടോം ജോസഫിനെ കാണാൻ എത്താത്തതിലും അതൃപ്തി പരസ്യമാക്കി.
എന്നാൽ, സ്ഥാനാർത്ഥി യോഗത്തിൽ പങ്കെടുക്കാത്തതിൽ വ്യക്തമായ വിശദീകരണം നൽകാതെ ജോസ് കെ മാണി ഒഴിഞ്ഞു മാറി. പ്രശ്‌നം പരിഹരിച്ചെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോഴും തർക്കങ്ങൾ തുടരുന്നുവെന്നാണ് ഇരു ഭാഗത്തെയും നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. പതിനൊന്ന് മണി വരെ പാലായിൽ ഉണ്ടായിരുന്ന ജോസഫിനെ ഒൻപതരയ്ക്ക് പ്രചാരണം അവസാനിപ്പിച്ച ജോസ് ടോം കാണാത്തത് എന്തെന്ന ചോദ്യവും പ്രസക്തമാണ്.