കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു. പാലം നിര്‍മിക്കാന്‍ കരാറുകാരന് നിയമവിരുദ്ധ സഹായം നല്‍കിയത് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിര്‍ദേശിച്ചിട്ടാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചു.
മൊബിലൈസേഷന്‍ അഡ്വാന്‍സ് എന്ന പേരില്‍ കരാറുകാരന് നിയമവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ അനുവദിക്കാന്‍ ഉത്തരവിട്ടത് വി കെ ഇബ്രാഹിംകുഞ്ഞാണ്. കേസിൽ നിർണായക വഴിത്തിരിവായ വെളിപ്പെടുത്തൽ കൂടിയായതിനാൽ വിജിലൻസിന്റെ അന്വേഷണം ഇപ്പോൾ ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിക്കുകയാണ്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം. നേരത്തെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് നിർദ്ദേശിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാൽ ചൂണ്ടിക്കാട്ടി പിന്നീടത്തേക്ക് മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ വേഗത്തിലാക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്. ഇബ്രാഹിം കുഞ്ഞ് ആരോപണ മുനയിൽ നിൽക്കുന്ന ടൈറ്റാനിയം കേസ് അടുത്തിടെ സർക്കാർ സി.ബി.ഐയ്ക്ക് വിട്ടിരുന്നു.
പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ പങ്കില്ല. സർക്കാർ നയം അനുസരിച്ചിട്ടുള്ള ഫയൽ മാത്രമേ കണ്ടിട്ടുള്ളൂ. കരാർ കമ്പനിക്ക് നേരിട്ട് തുക നൽകാനുള്ള ഒരു ഫയലും കണ്ടിട്ടില്ല. ഫ്ലൈ ഓവർ അഴിമതിക്കേസിൽ ടി.ഒ സൂരജിന്റെ അറസ്റ്റിന് പിന്നാലെ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്നാൽ, സൂരജിന്റെ വെളിപ്പെടുത്തലോടെ ഈ വാദം പൊളിഞ്ഞിരിക്കുകയാണ്. താനല്ല അഴിമതി നടത്തിയതെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് വി.കെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർ.ഡി.എസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണ്. എന്നാൽ ആ തീരുമാനം തന്റേതായിരുന്നില്ല. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് ജാമ്യഹർജിയിൽ പറഞ്ഞിട്ടുണ്ട്. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി.ഒ സൂരജ് വ്യക്തമാക്കുന്നു. ഒന്നര വർഷം കൊണ്ടാണ് പാലാരിവട്ടം പാലം അപകടാവസ്ഥയിലായത്. പാലം അഴിമതിയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. അഴിമതിയിൽ രാഷ്ട്രീയ ബന്ധം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് വിജിലൻസ് കോടതി അഭിപ്രായപ്പെട്ടിരുന്നു.
പാലാരിവട്ടം ഫ്ലൈഓവർ അഴിമതിക്കേസിൽ ഇപ്പോൾ വിശദമായ അന്വേഷണമാണ് നടക്കുന്നതെന്ന് വിജിലൻസ്. കേസിൽ കൂടുതൽപേരെ ചോദ്യം ചെയ്യേണ്ടതുണ്ട്. അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പ്രതികളുടെ ജാമ്യാപേക്ഷ എതിർക്കുമെന്നും വിജിലൻസ് അറിയിച്ചു. കേസിലെ പ്രതികളായ ടി.ഒ. സൂരജിന് പുറമേ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ കേരളയുടെ അസി. ജനറൽ മാനേജർ എം.ടി.തങ്കച്ചനും നൽകിയ ജാമ്യ ഹർജികളിൽ സിംഗിൾബെഞ്ച് വിജിലൻസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. ടി.ഒ. സൂരജ്, എം.ടി. തങ്കച്ചൻ, കിറ്റ്‌കോയുടെ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചന നടത്തി നിർമ്മാണക്കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്‌സിന് അന്യായ നേട്ടമുണ്ടാക്കി കൊടുത്തെന്നാണ് വിജിലൻസ് കേസ്.
മുൻകൂറായി നിശ്ചിത തുക നൽകണമെന്ന് കരാറിൽ വ്യവസ്ഥയില്ലാതിരിക്കെ കമ്പനിക്ക് 8.25 കോടി രൂപ നൽകിയെന്നാണ് സൂരജിനെതിരെയുള്ള ആരോപണം. ആഗസ്റ്റ് 30 നാണ് സൂരജിനെയും എം.ടി.തങ്കച്ചനെയും വിജിലൻസ് അറസ്റ്റ് ചെയ്തത്. 18 ദിവസമായി ജയിലിലാണെന്നും ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഇവരുടെ ജാമ്യാപേക്ഷ സെപ്തംബർ ഏഴിന് മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു.