വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയ കൂട്ടത്തില്‍ പ്രശസ്ത താരം അജയ് ദേവ്ഗണും ഉണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. ബിഗ് ബി അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് എന്നിവര്‍ക്ക് പുറമെയാണ് അജയ് ദേവ്ഗണിന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. അജയ് വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നതായി ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിരവധി പ്രമുഖരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നുക്കൊണ്ടിരിക്കെയാണ് അജയ്ക്ക് 2013ല്‍ ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപിലെ മെര്‍ലിബോണ്‍ എന്റര്‍ടെയ്ന്‍മെന്റിനെ ഏറ്റെടുത്തതായുള്ള പനാമ രേഖകള്‍ പുറത്തുവന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഹിന്ദി സിനിമകളുടെ വിപണനത്തിനും മറ്റും നടത്തുന്ന കമ്പനിയാണിത്.
വിവാദ കമ്പനിയായ മൊസാക്ക് ഫോന്‍സേകയാണ് മെര്‍ലിബോണിന്റെ രജിസ്ട്രേഷന് സഹായിച്ചത്. മെര്‍ലിബോണിന്റെ യഥാര്‍ത്ഥ ഉടമ ലണ്ടന്‍ സ്വദേശിയായ ഹസ്സന്‍ എന്‍ സയാനിയാണ്. 2013 ഒക്ടോബര്‍ 29നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 31ന് സയാനിയില്‍ നിന്ന് 1000 ഓഹരികള്‍ അജയ് ദേവ്ഗണ്‍ വാങ്ങിയതായാണ് രേഖകള്‍. വിദേശത്ത് നിക്ഷേപം നടത്താനുള്ള ആര്‍ബിഐയുടെ ചട്ടങ്ങള്‍ പ്രകാരമാണ് ഈ കമ്പനി സ്ഥാപിച്ചതെന്ന് അജയ് ദേവഗണ്‍ പ്രതികരിച്ചു. നിയമപ്രകാരം നടത്തേണ്ട വെളിപ്പെടുത്തലുകള്‍ നികുതി രേഖകളില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
2013 ഒക്ടോബര്‍ 31 മുതല്‍ അജയ് ദേവഗണ്‍ കമ്പനിയുടെ ഡയറക്ടറുമായിരുന്നു. എന്നാല്‍ 2014 ഡിസംബര്‍ 15ന് അദ്ദേഹം രാജി വയ്ക്കുകയും ചെയ്തു. ഇഎഫ്ജി ട്രസ്റ്റ് കമ്പനി ലിമിറ്റഡിനേയും ഇഎഫ്ജി നോമിനീസ് ലിമിറ്റഡിനേയും മെര്‍ലിബോണിന്റെ ഡയറക്ടര്‍മാരായി നിയമിച്ചു കൊണ്ടുള്ള തീരുമാനത്തിന് അദ്ദേഹം രാജിവയ്ക്കും മുമ്പ് അനുമതി നല്‍കിയിരുന്നു.
അജയ്ക്കും ഭാര്യ കാജലിനും പങ്കാളിത്തമുള്ള നൈസ യുഗ് എന്റര്‍ടെയ്ന്‍മെന്റിനുവേണ്ടിയാണ് അജയ് 1000 ഓഹരികള്‍ കൈവശം വയ്ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിശദീകരിച്ചത്.