ന്യൂഡല്‍ഹി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍ ഇന്ത്യയില്‍ .രാഹുലിനെ ദില്ലി വിമാനത്താവളത്തിൽ നിന്ന് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഒന്നാംപ്രതിയായ രാഹുല്‍ ഓഗസ്റ്റ് 14-ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാഹുല്‍ നാട്ടില്‍ തിരിച്ചെത്തിയത്. രാഹുലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ശേഷം ഡല്‍ഹി പൊലീസ് വിട്ടയച്ചു. ജര്‍മനിയില്‍ ഒളിവിലായിരുന്ന രാഹുല്‍ കോടതിയില്‍ ഹാജരാകാന്‍ വേണ്ടിയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് വിദേശത്തുനിന്നും ഡല്‍ഹി വിമാനത്താവളത്തില്‍ രാഹുല്‍ എത്തിയത്. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞു. പിന്നീട് പന്തീരാങ്കാവ് പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ രാഹുലിനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 14ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും അതുവരെ രാഹുലിനെതിരെ നടപടിയെടുക്കരുതെന്നുമാണ് കോടതി നിര്‍ദേശം. ഇതേത്തുടര്‍ന്നാണ് രാഹുലിനെ വിട്ടയച്ചത്.
കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് രക്ഷപ്പെട്ട രാഹുലിനെതിരെ കൊലപാതകശ്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പറവൂർ സ്വദേശിയായ യുവതിയെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ഭർത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുൽ അതിക്രൂമായി മർദിച്ചെന്നാണ് കേസ്. അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങൾക്ക് മുമ്പിലും ഭർത്താവിൽ നിന്നു നേരിട്ട കൊടിയ പീഡനത്തെക്കുറിച്ച് തുറന്നു പറച്ചിലുകൾ നടത്തിയ യുവതി പിന്നീട് നാടകീയമായി സമൂഹമാധ്യമത്തിലൂടെ മൊഴിയിൽ നിന്നും മലക്കം മറിഞ്ഞതോടെ ഈ കേസ് പൊതുസമൂഹത്തിൽ വലിയ ശ്രദ്ധനേടിയിരുന്നു.
സ്വന്തം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്നാണ് ആദ്യം ഭർത്താവിനെതിരെ മൊഴി നൽകിയിരുന്നതെന്നാണ് യുവതിയുടെ വാദമെങ്കിലും പിതാവ് ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. രാഹുലിന്‍റെ അമ്മ, സഹോദരി, സുഹൃത്ത്, വിദേശത്തേക്ക് കടക്കാൻ സഹായിച്ച പൊലീസുകാരൻ എന്നിവരാണ് മറ്റ് പ്രതികൾ. ഭർത്താവിന്റെ ഭീഷണിയും സമ്മർദ്ദവും കൊണ്ടാണ് യുവതി മൊഴി മാറ്റിയതെന്ന സത്യവാങ്മൂലം പൊലീസ് ഹൈക്കോടതിക്ക് നേരത്തെ സമർപ്പിച്ചിരുന്നു.