ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയ ‘പാരസൈറ്റ്’എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ദക്ഷിണ കൊറിയന്‍ ചിത്രം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ് ചർച്ച ചെയ്യുന്നത്.ബോങ് ജൂന്‍ ഹോവാണ് ഈ കോമിക് ത്രില്ലര്‍ സിനിമയുടെ സംവിധായകന്‍.
ദരിദ്രരായ കിം കുടുംബത്തിലെ അംഗത്തിന് സമ്പന്ന കുടുബത്തിൽ ജോലി ചെയ്യാൻ ലഭിക്കുന്ന അവസരം ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളും പരാന്നഭോജികളായ കിം കുടുബം നടത്തുന്ന ഒരു കൊലപാതകവുമാണ് ചിത്രത്തിന്റെ പ്രമേയം.ഉദ്ദിഷ്ടകാര്യം നേടിയെടുക്കാന്‍ ഉന്നതിയില്‍ ജീവിക്കുന്നവരെ പ്രീണിപ്പിക്കുന്ന കാപട്യവും ചിത്രം ചർച്ച ചെയ്യുന്നു.
കൊറിയന്‍ സമൂഹത്തിലെ ഗ്രാമീണ പ്രാന്ത പ്രദേശങ്ങളിലെ സാമൂഹ്യ വ്യവസ്ഥയിലൂടെ വികസിക്കുന്ന ഈ ചിത്രം ഇതിനകം പതിനഞ്ചോളംരാജ്യാന്തര മേളകളിൽ പുരസ്ക്കാരം നേടി.2019 മേയിൽ പുറത്തിറങ്ങിയ ചിത്രം കൊറിയയിൽ വലിയ ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിട്ടുണ്ട്.