പത്തനംതിട്ട: അയ്യപ്പന്റെ ശബ്ദം ലോക്‌സഭയില്‍ മുഴങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ശശികുമാര വര്‍മ വെളിപ്പെടുത്തി .അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വര്‍മയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിലൂടെ ശബരിമല യുവതിപ്രവേശ വിധി സംസ്ഥാനത്തു മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ബിജെപി നേതൃത്വം ശശികുമാര വര്‍മയുമായി ചര്‍ച്ച നടത്തി. അദ്ദേഹത്തെ സ്വതന്ത്രനായി നിര്‍ത്തുന്നതിന്റെ സാധ്യതകളും ആരാഞ്ഞു.
പാര്‍ലമെന്റിലേക്കു മല്‍സരിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും അയ്യപ്പന്റെ ശബ്ദം ലോക്‌സഭയില്‍ മുഴങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നു പി.ജി.ശശികുമാര വര്‍മ പറഞ്ഞു. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ സ്വരം കടുപ്പിച്ച പന്തളം കൊട്ടാരം ബിജെപിയുടെ നിര്‍ദേശം സ്വീകരിച്ചേക്കുമെന്നാണു സൂചന.
ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അടിയന്തരാവസ്ഥ പീഡിതരുടെ സമ്മേളനത്തില്‍ ശശികുമാര വര്‍മ പങ്കെടുത്തത് ബിജെപിയോട് അടുക്കുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.
ഇതിനിടെ, ബിഡിജെഎസിന് അഞ്ചും കേരള കോണ്‍ഗ്രസ് (പിസി തോമസ്) വിഭാഗത്തിന് ഒരു സീറ്റും നല്‍കുന്ന കാര്യത്തില്‍ ബിജെപി – ആര്‍എസ്എസ് ചര്‍ച്ചയില്‍ ധാരണയായി. ഇടുക്കി, ആലപ്പുഴ, ആലത്തൂര്‍, കോഴിക്കോട് അല്ലെങ്കില്‍ വയനാട്, വടകര അല്ലെങ്കില്‍ കണ്ണൂര്‍ എന്നിവയാണ് ബിഡിജെഎസിനു നല്‍കുന്ന സീറ്റുകള്‍. ബിഡിജെഎസ് ആവശ്യപ്പെട്ട എറണാകുളത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. പി.സി.തോമസിനു കോട്ടയം നല്‍കും.
ബിജെപി മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ 3 വീതം പേരുടെ പാനല്‍ ഉണ്ടാക്കാനും തീരുമാനിച്ചു. കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നു തിരികെ വിളിച്ചു തിരുവനന്തപുരത്ത് മല്‍സരിപ്പിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടു. ബിജെപിയുടെ സംഘടന ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി റാം ലാലുമായി തിരുവനന്തപുരത്തു നടന്ന ചര്‍ച്ചയിലാണ് കുമ്മനത്തിനു വേണ്ടി ആര്‍എസ്എസ് ശക്തമായി വാദിച്ചത്. സുരേഷ് ഗോപി, കെ.സുരേന്ദ്രന്‍, പി.എസ്.ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകളും തിരുവനന്തപുരത്തുണ്ട്. കൊല്ലം മണ്ഡലത്തിലും സുരേഷ് ഗോപിയുടെ പേര് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു.


