പത്തനംതിട്ട: ശ്രീധരന്‍പിള്ള ഇപ്പോഴും ചരട് വലിക്കുന്നു…! നേതൃത്വം വെട്ടില്‍

കണ്ണൂര്‍: പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പിയുടെ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതില്‍ എങ്ങും ആശയക്കുഴപ്പം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരിക്കും. അതേസമയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല.

കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളിലെയും ചിത്രം തെളിഞ്ഞിട്ടും വിജയസാധ്യതയുണ്ടെന്നു ബിജെപി വിലയിരുത്തുന്ന പത്തനംതിട്ടയില്‍ മാത്രം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാകാതെ സംസ്ഥാന ബിജെപി നേതൃത്വം. പത്തനംതിട്ടയെ ചൊല്ലിയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയുടെ പ്രഖ്യാപനം തന്നെ നീണ്ടു പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ. സുരേന്ദ്രന് പുറമെ പി.എസ് ശ്രീധരന്‍പിള്ളയും മണ്ഡലത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചോദ്യത്തില്‍നിന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഒഴിഞ്ഞുമാറി. എല്ലാ ചര്‍ച്ചകളും കഴിഞ്ഞതാണെന്നും തീരുമാനിക്കേണ്ടതു കേന്ദ്രനേതൃത്വം ആണെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതാര്‍ഹമായ പട്ടികയാണു ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. കേരളത്തില്‍ ഇരുമുന്നണികളുടെയും ശക്തമായ വെല്ലുവിളികളെ അതിജീവിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും. ബിജെപി സ്ഥാനാര്‍ഥികളെ ഉള്‍ക്കൊളളാന്‍ കേരളത്തിലെ ജനം തയാറാകും- ശ്രീധരന്‍പിള്ള അവകാശപ്പെട്ടു.

രണ്ടു മുന്നണികള്‍ക്കുമെതിരെ ജയിച്ചു മുന്നേറാന്‍ എന്‍ഡിഎയ്ക്ക് കഴിയും. നാല് സ്ഥാനാര്‍ഥികള്‍ ന്യൂനപക്ഷ സമുദായംഗങ്ങളാണു ശക്തമായി മല്‍സരിച്ച് രണ്ട് മുന്നണികളെ ചെറുത്ത് തോല്‍പ്പിച്ച് ഒട്ടേറെ മണ്ഡലങ്ങളില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയും. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തര്‍ക്കമില്ല. അതുമായി ബന്ധപ്പെട്ട് ചര്‍ച്ച എല്ലാ തീര്‍ന്നതാണ്. ഭേദഗതി ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പത്തനംതിട്ടയില്‍ സംസ്ഥാനം നിര്‍ദേശിച്ചത് ഒറ്റപ്പേരു മാത്രമെന്ന് എം.ടി.രമേശ് പറഞ്ഞു. കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ല. പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമാണ്. അതുകൊണ്ടാകാം കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാറിനിന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമെന്നും എം.ടി.രമേശ് പറഞ്ഞു.

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തത്തില്‍ സന്തോഷമെന്ന് എറണാകുളത്തെ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. എറണാകുളം തന്റെ രണ്ടാമത്തെ വീടാണ്. ആദ്യം മല്‍സരിക്കുന്നില്ല എന്നാണ് നേതൃത്വത്തെ അറിയിച്ചത്. നേതൃത്വം മല്‍സരിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ പത്തനംതിട്ട നന്നാവുമെന്നാണു പ്രതികരിച്ചതെന്നും കണ്ണന്താനം വിശദീകരിച്ചു.

പത്തനംതിട്ടയിലെ എന്‍എസ്എസ് എതിര്‍പ്പാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം താമസിപ്പിക്കുന്നത് എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍. മണ്ഡലത്തിലെ ബിജെപി അണികള്‍ക്കിടയിലും നായര്‍ സമുദായമാണ് കൂടുതല്‍. ഇത് പരിഗണിക്കാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ബുദ്ധിയല്ലെന്നാണ് നേതൃത്വം കരുതുന്നത്.

എന്നാല്‍ പത്തനംതിട്ടയ്ക്കായി ശ്രീധരന്‍പിള്ള ഇപ്പോഴും സമ്മര്‍ദ്ദം ചെലുത്തുന്നതാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. പത്തനംതിട്ട കൈവിട്ടാല്‍ പിന്നീട് മത്സരിക്കാന്‍ സീറ്റില്ലാതെ വരുന്ന അവസ്ഥയാണ് ശ്രീധരന്‍പിള്ളയ്ക്കുള്ളത്. ഇതിനാല്‍തന്നെ സീറ്റിനായി ചരടുവലികള്‍ ശക്തമാണെന്നാണ് റിപ്പോര്‍ട്ട്.

Top