ദീപികയുടെയും ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് അഞ്ച് കോടി ; ഇനാം പ്രഖ്യാപിച്ച് ക്ഷത്രിയ സമാജ്

പദ്മാവതി സിനിമയുടെ സംവിധായകല്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെയും തല വെട്ടുന്നവര്‍ക്ക് അഞ്ചുകോടി ഇനാം പ്രഖ്യാപിച്ച് ക്ഷത്രിയ മഹാസമാജം. മീററ്റിലെ ക്ഷത്രിയ സമുദായികാംഗമായ താക്കൂര്‍ അഭിഷേകേ സോമാണ് പ്രഖ്യാപനവുമായി രംഗത്ത് വന്നത്. അതേസമയം, രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ പിന്നോട്ടാണ് പോകുന്നതെന്ന് ഭീഷണി വാര്‍ത്തകളോട് പ്രതികരിക്കവെ ദീപിക പദുക്കോണ്‍ പറഞ്ഞു. പദ്മാവതി റാണിയ്ക്ക് അലാവുദ്ദീന്‍ ഖില്‍ജിയുമായി ബന്ധമുണ്ടെന്ന രീതിയില്‍ സിനിമയില്‍ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നാണ് അഭിഷേകിന്റെ ആക്ഷേപം. സമാജ് വാദി പാര്‍ട്ടിയുടെ അനുഭാവിയായ താന്‍ ക്ഷത്രിയ സമാജത്തിന് വേണ്ടിയാണ് പ്രഖ്യാപനം നടത്തുന്നതെന്ന് ഇയാള്‍ പറയുന്നു. ദീപിക പദുക്കോണ്‍ രാജ്യം വിട്ടുപോകുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ അവരുടെ തല വെട്ടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചാല്‍ പോലും ദീപികയേയും ബല്‍സാലിയേയും രക്ഷിക്കാനാവില്ലെന്നും അഭിഷേക് പറഞ്ഞു. പത്മാവതിക്കെതിരെ ഉയരുന്ന എതിര്‍പ്പുകളോട് പ്രതികരിച്ചുകൊണ്ട് നടി ദീപിക പദുക്കോണ്‍ രംഗത്തെത്തി. ഇത് ഭയാനകമായ അവസ്ഥയാണെന്നും രാജ്യം പിന്നോട്ടാണ് പോകുന്നതെന്നും ദീപിക പറഞ്ഞു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സെന്‍സര്‍ ബോര്‍ഡിനോട് മാത്രമേ കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടതുള്ളൂ. ഇതൊരു സിനിമയ്ക്കുവേണ്ടിയുള്ള മാത്രമുള്ള പോരാട്ടമല്ല എന്നാണ് സിനിമാ ലോകം നല്‍കുന്ന പിന്തുണ തെളിയിക്കുന്നത്. വലിയൊരു കാര്യത്തിനുവേണ്ടിയാണ് നമ്മള്‍ പോരാടുന്നതെന്നും ദീപിക പറഞ്ഞു

Top