കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അപ്രതീക്ഷിത സ്ഥാനാർത്ഥികളെ രംഗത്തിറക്കി അട്ടിമറി വിജയം കൊയ്യാനൊരുങ്ങി ബി.ജെ.പി. പി.സി ജോർജിനെയും, ജില്ലാ പഞ്ചായത്തംഗമായ മകൻ ഷോൺ ജോർജിനെയും എൻ.ഡി.എ പാളയത്തിൽ എത്തിക്കുന്നതിനാണ് ജില്ലാ നേതൃത്വം ഒരുങ്ങുന്നത്. ജോർജോ മകനോ പാലായിൽ മത്സരിച്ചാൽ പൂഞ്ഞാർ പാലാ സീറ്റുകൾ വിട്ടു നൽകാമെന്ന നിലയിൽ ധാരണ ഉരുത്തിരിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതിനിടെ എൻ.ഡി.എ സഖ്യത്തിൽ സീറ്റുകളിൽ ഏതാണ്ട് ധാരണയായിട്ടുമുണ്ട്.
ജില്ലയിലെ ഒൻപത് സീറ്റുകളിൽ അഞ്ചിടത്താണ് കഴിഞ്ഞ തവണ ബി.ജെ.പി മത്സരിച്ചത്. മൂന്നിടത്ത് ബി.ഡി.ജെ.എസും, ഒരിടത്ത് കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗവും മത്സരിച്ചു. കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളിലാണ് കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥികൾ മത്സരിച്ചത്. വൈക്കം, ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളിൽ ബി.ഡി.ജെ.എസും, കടുത്തുരുത്തിയിൽ കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗവും മത്സരിക്കുകയായിരുന്നു.
പി.സി ജോർജ് എത്തിയില്ലെങ്കിൽ ഇക്കുറിയും ഈ സീറ്റ് നില തന്നെ എൻ.ഡി.എ മുന്നണി ജില്ലയിൽ തുടരാനാണ് സാധ്യത. ഇങ്ങനെയെങ്കിൽ പാലായിൽ തീപാറും പോരാട്ടമാകും നടക്കുക. കഴിഞ്ഞ തവണ കാൽലക്ഷത്തോളം വോട്ട് പിടിച്ച മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരിയുടെ പേരിന് തന്നെയാണ് ഇവിടെ മുൻതൂക്കം. ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ മത്സരിച്ചു പരാജയപ്പെട്ട അഡ്വ.ജയസൂര്യൻ, നിലവിലെ മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് എന്നിവരുടെ പേരുകളും പാലായിൽ പരിഗണനയിലുണ്ട്.
പി.സി തോമസ് വിഭാഗത്തിനു സീറ്റ് നൽകിയാൽ ഇവിടെ പാർട്ടി ചെയർമാൻ പി.സി തോമസ് തന്നെ മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച കാഞ്ഞിരപ്പള്ളിയിൽ ബി.ജെ.പി ഇക്കുറി അട്ടിമറി തന്നെ പ്രതീക്ഷിക്കുന്നുണ്ട്. മുൻ കാഞ്ഞിരപ്പള്ളി എം.എൽ.എയും നാട്ടുകാരനുമായ അൽഫോൺസ് കണ്ണന്താനം മത്സരിക്കുമോ എന്നാണ് ജില്ലാ നേതൃത്വം ഉറ്റുനോക്കുന്നത്. ഇത് കൂടാതെ മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരി, നിലവിലെ ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, സംസ്ഥാന കമ്മിറ്റി അംഗം പ്രഫ.ജെ.പ്രമീളാ ദേവി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
ശബരിമല പ്രക്ഷോഭസമയത്ത് ഒപ്പം നിന്നിരുന്ന എൻ.എസ്.എസിന്റെ പിൻതുണ പ്രതീക്ഷിക്കുന്ന ചങ്ങനാശേരിയിൽ ബി.ജെ.പി രണ്ടു പേരുകളാണ് പരിഗണിക്കുന്നത്. ബി.രാധാകൃഷ്ണമേനോനും, ബി.രാമൻനായരും. ഇരുവരും എൻ.എസ്.എസ് നേതൃത്വവുമായി അടുപ്പമുള്ളവരുമാണ്. ഇരുവരെയും പരിഗണിച്ചില്ലെങ്കിൽ എൻ.ബി രാജഗോപാലിനും സാധ്യതയുണ്ട്.
കോട്ടയം നിയോജക മണ്ഡലത്തിൽ മുൻ കൗൺസിലർ ടി.എൻ ഹരികുമാറിനും, എം.കെ നാരായണൻ നമ്പൂതിരിയ്ക്കും, ജോർജ് കുര്യനും സാധ്യത കൽപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ച വൈക്കം മണ്ഡലത്തിന്റെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ബി.ഡി.ജെ.എസിന്റെ ഭാഗമായി എൻ.കെ നീലകണ്ഠൻ മാസ്റ്ററാണ് കഴിഞ്ഞ തവണ ഇവിടെ മത്സരിച്ചത്. എന്നാൽ, ബി.ഡി.ജെ.എസ് പിളർന്നതോടെ ഇവിടെ ഇക്കുറി എന്താവുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ബി.ഡി.ജെ.എസ് അവകാശ വാദമുന്നയിച്ചില്ലെങ്കിൽ ഇവിടെയും ബി.ജെ.പി തന്നെ എത്തിയേക്കും. സംവരണ മണ്ഡലമായ വൈക്കത്ത് രമേശ് കാവിമറ്റം , ലേഖ അശോക് എന്നിവരെയാണ് പരിഗണിക്കുന്നത്.
എസ്.എൻ.ഡി.പി യോഗത്തിനും ബി.ഡി.ജെ.എസിനും നിർണ്ണായക സ്വാധീനമുള്ള ഏറ്റുമാനൂരിൽ ബി.ഡി.ജെ.എസ് നേതാവ് എം.പി സെന്നിനാണ് പ്രഥമ പരിഗണന. പൂഞ്ഞാർ സീറ്റിൽ പി.സി ജോർജ് എത്തിയില്ലെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച എം.ആർ ഉല്ലാസ് തന്നെ മത്സരിച്ചേക്കും. ഇവിടെയും ബി.ഡി.ജെ.എസിനാണ് സീറ്റ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് എതിരായി മത്സരിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ജോർജ് കുര്യൻ , എൻ.ഹരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.