കോട്ടയം: എപ്പോഴും തോക്കുമായാണോ പിസി ജോര്‍ജ്ജിന്റെ യാത്ര. തോക്കുണ്ടെന്ന് മാത്രമല്ല ഫുള്‍ ലോഡുമായിരിക്കും ആ തോക്ക്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ തോക്കുമായുള്ള പ്രകടനം നടന്നത്. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊതുവേദിയില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് കൈത്തോക്ക് ഉയര്‍ത്തിപ്പിടിച്ച് കാട്ടി സത്യം വെളിപ്പെടുത്തിയിരിക്കുകയായിരുന്നു. എരുമേലി എംഇഎസ് കോളേജ് സംഘടിപ്പിച്ച പമ്പ-എരുമേലി ത്രിദിന ശുചീകരണ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിച്ചപ്പോഴാണ് പിസി ജോര്‍ജ് സ്വന്തം പിസ്റ്റള്‍ വേദിയില്‍ ഉയര്‍ത്തിക്കാട്ടിയത്
പിസിയുടെ കൈയില്‍ എപ്പോഴും തോക്കുണ്ടെന്ന് രാഷ്ട്രീയ എതിരാളികള്‍ പറയുന്നതില്‍ വാസ്തവമുണ്ടായെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചപ്പോഴാണ് പ്രസംഗത്തിനിടെ പിസി ജോര്‍ജ് തോക്ക് കാട്ടി മറുപടി നല്‍കിയത്. പിഎയെ വിട്ട് കാറില്‍ നിന്നും കൈത്തോക്ക് വേദിയില്‍ കൊണ്ടു വന്നാണ് പിസി ജോര്‍ജ് പ്രദര്‍ശിപ്പിച്ചത്. ഈ തോക്ക് ഫുള്‍ ലോഡഡ് ആണെന്നും ആറ് ബുള്ളറ്റുകള്‍ നിറഞ്ഞിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാണ് തന്റെ അധിപര്‍ എന്നും അവരുടെ സംരക്ഷകരാണ് ജനപ്രതിനിധികളെന്നും ഈ രാജ്യം തകര്‍ക്കാന്‍ ആരേയും അനുവദിക്കരുതെന്നും പറഞ്ഞ അദ്ദേഹം ഏറ്റവും മാലിന്യം തിന്മകളാണെന്നും അഭിപ്രായപ്പെട്ടു.
കോളേജ് ചെയര്‍മാന്‍ പിപി അബ്ദുള്‍ കരിം അധ്യക്ഷത വഹിച്ചു. പമ്പാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍ അശോകന്‍, വാര്‍ഡ് അംഗം കെകെ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ 80ഓളം അഫലിയേറ്റഡ് കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.