പിസി ജോര്‍ജിന് നേരെ ചീമുട്ടയേറും കാര്‍ തകര്‍ക്കലും ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിയെണ്ണും

ഇടുക്കി: പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് നേരെ ചീമുട്ടയെറിഞ്ഞ കേസില്‍ പ്രതികള്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെയാണ് തൊടുപുഴ മുട്ടം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ടിഎല്‍ അക്ബര്‍, കെഎസ്യു സംസ്ഥാന സെക്രട്ടറി മാത്യു കെ ജോണ്‍ എന്നിവരെയാണ് ശിക്ഷിച്ചത്. തൊടുപുഴയില്‍ ചീമുട്ടയെറിഞ്ഞ് പിസി ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ആറ് മാസം തടവും 47000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്ന് മാസം തടവും 1000 രൂപ പിഴയമുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. കേസില്‍ 15 പ്രതികളാണുണ്ടായിരുന്നത്. രണ്ടും മൂന്നും പ്രതികളെയാണ് ശിക്ഷിച്ചത്. രണ്ടു പേര്‍ നേരത്തെ മരിച്ചിരുന്നു. ബാക്കി പ്രതികളെ കോടതി വെറുതെവിട്ടു.

2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിസി ജോര്‍ജ് ചീഫ് വിപ്പ് ആയിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചീമുട്ടയെറിയുകയും ജോര്‍ജിന്റെ വാഹനം തകര്‍ക്കുകയും ചെയ്തു എന്നാണ് കേസ്.

ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു മുട്ടയേറ്. ജോര്‍ജിന്റെ വാഹനം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ബ്ലോക്കില്‍പ്പെട്ടു. ഈ വേളയിലാണ് പ്രതിഷേധക്കാര്‍ വാഹനം തകര്‍ത്തത്.

2018ലും പിസി ജോര്‍ജിന് നേരെ ചീമുട്ടയേറ് നടന്ന സംഭവമുണ്ടായിരുന്നു. സ്വന്തം മണ്ഡലമായ പൂഞ്ഞാറിലായിരുന്നു ഇത്. പെരിങ്ങുളം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ചടങ്ങിനിടെയായിരുന്നു സംഘര്‍ഷം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്.

ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ ഉദ്ഘാടനം ചെയ്യുന്നു എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധക്കാരും പിസി ജോര്‍ജും തമ്മില്‍ അന്ന് വാക്കേറ്റമുണ്ടായിരുന്നു.

Top