പിസി തോമസ് കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക്. കേരളാ കോണ്‍ഗ്രസിനെ ബിജെപി പാളയത്തിലെത്തിക്കാനാണെന്ന് ആരോപണം

കോട്ടയം: പി സി തോമസ് കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് മടങ്ങുന്നു. ഈമാസം 21ന് കൊച്ചിയില്‍ പിസി തോമസ് ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കും. പിസി തോമസിനെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വൈസ് ചെയര്‍മാന്‍ ആക്കുമെന്നാണ് സൂചന. അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മിനെ ബിജെപി പാളയത്തിലെത്തിക്കാനാണ് പിസി തോമസിന്റെ നീക്കമെന്ന് തോമസിനൊപ്പം ഉണ്ടായിരുന്നവര്‍ ആരോപിക്കുന്നു.
നിസാര പ്രശ്‌നങ്ങളുടെ പേരില്‍ മാണിയുമായി തെറ്റിപ്പിരിഞ്ഞ പിസി തോമസ് വീണ്ടും കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് മടങ്ങിയെത്തുന്നു. രണ്ട് ബിഷപ്പുമാരും, പിസി തോമസിന്റെ സഹോദരിയും നടത്തിയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് തോമസിന്റെ മാണി ഗ്രൂപ്പിലേക്കുളള മടങ്ങിവരവ്. പിസി ജോര്‍ജിന് നല്‍കിയിരുന്ന വൈസ് ചെയര്‍മാന്‍ പദവിയാണ് പിസി തോമസിന് നല്‍കാന്‍ മാണി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റും പിസി തോമസിന് നല്‍കും. ഈമാസം 21ന് കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനം പി സി തോമസ് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് സൂചന. അതേസമയം മാണി ഗ്രൂപ്പില്‍ ചേരാനുളള പി സിതോമസിന്റെ നീക്കങ്ങളില്‍ പ്രതിക്ഷേധിച്ച് തോമസിനൊപ്പം ഉണ്ടായിരുന്ന ഒരുവിഭാഗം നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കേരളാ കോണ്‍ഗ്രസ് സെക്യുലറില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ തങ്ങുന്ന പി സി തോമസ് ഇതിനുളള നീക്കങ്ങളാണ് നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

Top