തിരുവനന്തപുരം: കോടികളുടെ പരസ്യം നല്‍കുന്ന കറിപൊടി കമ്പനികളുടെ ഉല്‍പ്പനങ്ങളാണോ നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ രണ്ടിലൊന്ന് ആലോചിച്ച് മാത്രമേ തീരുമാനമെടുക്കാവൂ. കറി പൗഡറുകളില്‍ മായം ചേര്‍ക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഈസ്റ്റേണും നിറപറയും മായം ചേര്‍ത്ത ഉല്‍പ്പനങ്ങളാണ് വില്‍ക്കുന്നതെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.
കാര്‍ഷിക സര്‍വ്വകലാശാല സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന മുളക് പൊടിയില്‍ നടത്തിയ പരിശോധനയില്‍ മാരകമായ കീടനാശിനികള്‍ മുളക് പൊടിയില്‍ അടങ്ങിയതായി കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധച്ചി രേഖകള്‍ കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പുറത്ത് വിട്ടിരുന്നു. കാഡ്മിയം പോലുള്ള മാരക വിഷം മുളക് പൊടിയില്‍ ചേര്‍ത്തതിന് നേരത്തെ വിവാദത്തിയ ഈസ്‌റ്റേണ്‍ വീണ്ടും മായം ചേര്‍ത്താണ് സംസ്ഥാനത്ത് ഉല്‍പ്പനങ്ങള്‍ എത്തിക്കുന്നതെന്നാണ് വീണ്ടും തെളിയുന്നത്. മായം ചേര്‍ത്തിന്റെ പേരില്‍ നിരോധനം ഏര്‍പ്പെടുത്തുകയും നിരവധി തവണ ഗുണനിലവാരമില്ലാത്തതിന്റെ പേരില്‍ വിവാദമാവുകയും ചെയ്ത നിറപറയും ഇത്തവണയും കുടുങ്ങി. കഴിഞ്ഞ ദിവസമാണ് നിറപറയുടെ പുട്ടുപൊടിയില്‍ പുഴുക്കളെ കണ്ടെത്തിയത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്.
ഈസ്റ്റേണും ഡബിള്‍ ഹോഴ്സും നിറപറയും ഗോള്‍ഡണ്‍ ഹാര്‍വെസ്റ്റിലും ആച്ചി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളിലെല്ലാം കിടനാശിനി കണ്ടെത്തി. ഈസ്റ്റേണിന്റെ 27 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 10ലും കിടനാശിനി കണ്ടെത്തി. ഡബിള്‍ ഹോഴ്സിന്റെ 25ല്‍ ഒന്‍പതിലും പ്രശ്നം തിരിച്ചറിഞ്ഞു. നിറപറയുടെ 17 സാമ്പിളില്‍ മൂന്നെണ്ണത്തിലാണ് കീടനാശിനിയുണ്ടായിരുന്നത്. ഗോള്‍ഡണ്‍ ഹാര്‍വെസ്റ്റില്‍ പത്തില്‍ നാലിലും ആച്ചിയില്‍ അഞ്ചില്‍ മുന്നിലും കുഴപ്പം കണ്ടെത്താന്‍ പരിശോധനകള്‍ക്കായി. പാലാട്ടിന്റെ മൂന്നില്‍ രണ്ട് സാമ്പിളിലും കുഴപ്പം തിരിച്ചറിഞ്ഞു. 36 ലോക്കല്‍ ബ്രാണ്ടുകളുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് ശേഖരിച്ചത്. ഇതില്‍ 19 എണ്ണത്തിലും കീടനാശിനിയുടെ അംശം കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ശേഖരിച്ച പരിശോധനയ്ക്ക വിധേയമാക്കിയ പട്ടികയില്‍ ബ്രാഹ്മിന്‍സ് എന്ന പ്രമുഖ ബ്രാന്‍ഡ് ഇല്ലെന്നതും ശ്രദ്ധേയമാണ്
മുളക് പൊടിയില്‍ കണ്ടെത്തിയ കീടനാശിനികള്‍ക്കൊന്നും പരിധി നിശ്ചിയിച്ചിട്ടില്ല. ചെറിയ തോതിലെ കീടനാശിനി സാധ്യത പോലും ഗുരുതരമായതുകൊണ്ടാണ് ഇത്. എന്നാല്‍ വേണ്ട ഗൗരവം ഇക്കാര്യത്തില്‍ അധികാരികള്‍ കാട്ടുന്നുമില്ല. ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനും മായവും കലരാന്‍ സാധ്യതയുണ്ട്. ഇതില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചാകും മായം ചേര്‍ക്കുക. ഇതിന്റെ അളവില്‍ പരിധി നിശ്ചയിച്ചാണ് സാധാരണ ഉല്‍പ്പനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുക. എന്നാല്‍ കിടാനാശിനി കണ്ടെത്തിയാല്‍ ഉടന്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടതാണ്.
കിടനാശിനി കലരാത്ത മുളക് പൊടിയും വെള്ളയാണി ലാബിലെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അച്ചി, 24 മന്ത്ര ഓര്‍ഗാനിക്, അരോമ ഫ്രഷ്, മേളം, ഫ്രഷ് ആന്‍ഡ് പുയര്‍, ഗ്രാന്മാസ്, സാറാസ്, കിച്ചണ്‍ ട്രഷേഴ്സ്, പ്രിയം, ദേവണ്‍, കാച്ച്, ദേവണ്‍ പ്രീമിയം, പൊന്നൂസ്, റിലയന്‍സ് സെലക്ട്, ശബരി എഗ് മാര്‍ക്ക്, എക്കോ ലൈഫ്, സ്വാമീസ്, മറിയാസ്, ഡിയര്‍ എര്‍ത്ത്, അവീസ്, ശബരി, ഓര്‍ഗാനിക് റെഡ് ചില്ലി പൗഡര്‍, വെല്‍ഗേറ്റ് എന്നിവയുടെ സാമ്പിളുകളില്‍ കീടനാശി കണ്ടെത്താനുമായില്ലെന്നും ഓണ്‍ലൈന്‍ പത്രം പുറത്ത് വിട്ട് രേഖകല്‍ വ്യക്തമാക്കുന്നു.
ഈസ്റ്റേണിന്റെ പത്ത് സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ എത്തിയോണ്‍, ബൈഫന്‍ത്രിന്‍, പ്രൊഫനോഫോസ്, ക്ളോര്‍ പൈറിഫോസ് എന്നിവ കണ്ടെത്തി. ആച്ചിയുടെ മൂന്ന് സാമ്പിളുകളിലുള്ളത് എത്തിയോണും ബൈഫന്‍ത്രിനുമാണ്. ഗോള്‍ഡണ്‍ ഹാര്‍വെസ്റ്റിലും ബൈഫന്‍ത്രിന്‍, എത്തിയോണ്‍ എന്നിവ നാല് സാമ്പിളുകളില്‍ കണ്ടെത്തി. നിറപറയില്‍ പ്രൊഫനോഫോസും എത്തിയോണുമുണുള്ളത്. പാലാട്ടില്‍ എത്തിയോണും ലാംബ്ഡാ സൈഹാലോത്രിനും കണ്ടെത്തി. സൈപേര്‍മെത്രിനും ഇതിലുണ്ട്. പ്രാദേശിക ബ്രാന്‍ഡുകളിലും ഈ കീടനാശിനികള്‍ തന്നെയാണ് കണ്ടെത്തിയത്. മാരക വിഷാംശമായ എത്തിയോണ്‍ എന്ന കീടനാശിനി സാധാരണ ഗതിയില്‍ മരണത്തിന് പോലും കാരണമാകും. ക്ളോര്‍ പൈറിഫോസ് കറിവേപ്പിലയിലും മറ്റും തളിക്കുന്ന കീടനാശിനിയാണ്. മാരകമായ കീടനാശിനികള്‍ കറിപൗഡറുകളില്‍ അടങ്ങിയട്ടും നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല..