തന്ത്രിയും ബിജെപി അജണ്ടയുടെ ഭാഗമായി !..കലാപമുണ്ടാക്കി ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ ഗൂ​ഡാ​ലോ​ച​ന-മുഖ്യമന്ത്രി.

കണ്ണൂര്‍: ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ഗൂഡാലോചന നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിയും ബിജെപി അജണ്ടയുടെ ഭാഗമായി. പന്തളം രാജകുടുംബം ചര്‍ച്ചയ്ക്ക് വരാത്തതിന്‍റെ കാരണം വ്യക്തമായില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ വാക്കുകൾ ഇതാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമലയിലെ സംഘപരിവാർ അജണ്ട പുറത്തായിരിക്കുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ ഒപ്പം ചേർക്കാനാണ് ഇവർ ശ്രമിക്കുന്നത്. ശബരിമല തന്ത്രിയും ഇതിന്‍റെ ഭാഗഭാക്കായില്ലെ എന്നു കരുതേണ്ടിയരിക്കുന്നു. ഈ വഴിക്കു തന്നെയാണോ പോകാൻ ഉദ്ദേശിക്കുന്നതെന്ന് തന്ത്രി വ്യക്തമാക്കണം. തന്‍റെ ചെയ്തികളിൽ കൂട്ടുകാരനായി ശ്രീധരൻ പിള്ള തന്ത്രിയേയും കൂട്ടുചേർത്തിരിക്കുകയാണ്. ഈ കൂട്ടുകെട്ട് തുടരനാണോ തന്ത്രിയുടെ ഉദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കണം. ശബരിമല നന്നാക്കാനുള്ള ശ്രമമല്ല ഈ വിഭാഗം നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നമ്മളും ഭരണകൂടവും അതിനെ നയിക്കുന്ന പാർട്ടിയും മാത്രമാകുമെന്ന ശ്രീധരൻ പിള്ളയുടെ മോഹം കേരളത്തിൽ ചെലവാകില്ല. കോൺഗ്രസിൽ ഒരു വിഭാഗം സംഘപരിവാറിനൊപ്പം പോയെങ്കിലും അങ്ങനെയല്ലാത്തവരും ഉണ്ട്. ദേശീയപ്രസ്ഥാനത്തിന്‍റെ പാരമ്പര്യമുള്ള കോൺഗ്രസ് തകരില്ല. ഞങ്ങളും നിങ്ങളുമെന്ന ശ്രീധരൻ പിള്ളയുടെ മോഹം കേരളത്തിൽ ചെലവാകില്ലെന്നും പിണറായി പറഞ്ഞു. സംഘപരിവാർ ഉയർത്തുന്ന ഓരോ നുണകളും പൊളിഞ്ഞു വീഴുകയാണ്. ഇതുകൊണ്ടൊന്നും നാടിന്‍റെ മതനിരപേക്ഷ മനസ് ഇളകില്ല. വിശ്വാസികളോടൊപ്പം സർക്കാർ എന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശ്വാസികളുടെ ഇടപെടലല്ല ഉണ്ടായതെന്നും ബിജെപിയുടെ രാഷ്ട്രീയ ഇടപെടലാണ് ശബരിമല പ്രക്ഷോഭത്തില്‍ കണ്ടതെന്നും മുഖ്യമന്ത്രി വിവരിച്ചു.സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍ ശബരിമല വിധിയുമായി ബന്ധപ്പെട്ട് തന്ത്രിയെയും പന്തളം രാജകുടുംബത്തേയുമാണ് ആദ്യം തന്നെ ചര്‍ച്ചയ്ക്ക് വിളിച്ചത്. രണ്ട് കൂട്ടരും വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വരാത്തത് തീര്‍ത്തും ആശ്ചര്യകരമായിരുന്നു. ഇപ്പോഴാണ് എന്തുകൊണ്ടാണ് അവര്‍ വരാത്തതെന്ന് വ്യക്തമായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.നിയമ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ബന്ധപ്പെടേണ്ട അറ്റോര്‍ണി ജനറലിനെയോ അഡ്വക്കേറ്റ് ജനറലിനേയോ അല്ല തന്ത്രി ബന്ധപ്പെട്ടത്. ആ ഘട്ടത്തില്‍ രൂപപ്പെട്ട കൂട്ടുകെട്ടിന്‍റെ ഭാഗമാകുകയായിരുന്നു തന്ത്രി. ബിജെപി അജണ്ടയില്‍ തന്ത്രിയും ഭാഗഭാക്കായത് സാധാരണഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പവിത്രമായ ശബരിമലയുടെ സന്നിധാനമടക്കം കളങ്കപ്പെടുത്താന്‍ ശ്രമിച്ചവരുമായി ഗൂഢാലോചന നടന്നെന്നും അതില്‍ പങ്കാളികളായത് ആരൊക്കെയാണെന്നത് അതീവ പ്രശ്നമാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം അഴിച്ചുവിട്ടു. ബിജെപിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് അണികളെ വിട്ടുകൊടുത്തെന്ന് അദ്ദേഹം ആരോപിച്ചു. ഇതില്‍ എത്രപേര്‍ തിരികെ കോണ്‍ഗ്രസിലെത്തുമെന്ന് ചോദിച്ച പിണറായി കോണ്‍ഗ്രസ് കാര്യങ്ങള്‍ തിരിച്ചറിയാതെയാണ് പ്രവര്‍ത്തിച്ചതെന്നും ചൂണ്ടികാട്ടി. കേരളത്തില്‍ അവേശേഷിക്കുക ഇടതുപക്ഷവും ബിജെപിയുമാകുമെന്നാണ് ശ്രീധരന്‍ പിള്ളയും സംഘപരിവാറും പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എന്തുപറയുന്നുവെന്നും പിണറായി ചോദിച്ചു.

ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമെന്ന് പറയുന്ന സംസ്ഥാന നേതാക്കളെ കുറിച്ച് എന്തുപറയണം. കേരളത്തിലെ നേതാക്കള്‍ ബിജെപിയ്ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ്. ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ചിലരൊക്കെ ആര്‍ എസ് എസിന്‍റെ അനുമതിയോടെയാണ് കോണ്‍ഗ്രസില്‍ നില്‍ക്കുന്നതെന്ന് പറയേണ്ടി വരുമെന്നും പിണറായി വ്യക്തമാക്കി.സംഘപരിവാറിനോട് വിധേയത്വമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അണികളെ അവര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. സംഘപരിവാറിന് വളംവെച്ച് കൊടുക്കുന്നത് നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top