പോലീസ് അതിക്രമത്തെ ആവര്‍ത്തിച്ച് ന്യായികരിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥാനാത്ത് തുടരാനുള്ള അര്‍ഹതയില്ല: വി.എം. സുധീരന്‍

തിരുവനന്തപുരം :പോലീസ് അതിക്രമത്തെ ആവര്‍ത്തിച്ച് ന്യായികരിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥാനാത്ത് തുടരാനുള്ള അര്‍ഹതയില്ല: വി.എം. സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് .ഇന്നലെ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ അരങ്ങേറിയ മനുഷ്യത്വരഹിതമായ പോലീസ് അതിക്രമങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങളാകെ കണ്ടതാണ്.

നീതി ലഭിക്കുന്നതിന് വേണ്ടി നാളുകളായി നടത്തിയ ശ്രമങ്ങളൊക്കെ സഫലമാകാതെ വന്നതുകൊണ്ടാണ് ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബാംഗങ്ങളും പോലീസ് ആസ്ഥാനത്ത് സത്യാഗ്രഹത്തിനെത്തിയത്. സമാധാനപരമായി സത്യഗ്രഹം നടത്തുക, ഡി.ജി.പിയെ നേരില്‍ കണ്ട് സംസാരിക്കുക ഇതായിരുന്നു അവര്‍ ഉദ്ദേശിച്ചത്. നിര്‍ഭാഗ്യവശാല്‍ അതിനുള്ള സാഹചര്യം ഒരുക്കുന്നതിന് പകരം മഹിജയുടെയും കുടുംബാംഗങ്ങളുടെയും നേരെ അതിക്രൂരമായ അതിക്രമങ്ങളാണ് പോലീസ് നടത്തിയത്. മഹിജയെ ചവിട്ടിവീഴ്ത്തി വലിച്ചിഴച്ചത് വളരെ വ്യക്തമായിത്തന്നെ കാണാനായി. അവരുടെ സഹോദരന്‍ ശ്രീജിത്തും ക്രൂരമായ അക്രമങ്ങള്‍ക്ക് ഇരയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീര്‍ത്തും സമാധാനപരമായി സത്യാഗ്രഹവും മറ്റും പോലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നു. പക്ഷെ എന്തിനെന്നറിയില്ല, പോലീസ് ഉന്നതര്‍ അത് പരമാവധി വഷളാക്കി. അക്ഷരാര്‍ത്ഥത്തില്‍ ഇന്നലെ കേവലം കാക്കി യൂണിഫോമിട്ട ഗുണ്ടകളെപ്പോലെ പോലീസ് അഴിഞ്ഞാടുകയായിരുന്നു.

ഒരേ ഒരാള്‍ മാത്രമാണ് ഇതിനെയെല്ലാം ശരിവച്ചത്. അത് മറ്റാരുമല്ല, സാക്ഷാല്‍ മുഖ്യമന്ത്രിയാണ്. ഇന്ന് മറ്റൊരാള്‍ കൂടി മുഖ്യമന്ത്രിയെ പിന്തുണച്ച് വന്നിരിക്കുന്നു. അത് മന്ത്രി മണിയാണ്. കൊലപാതക കേസില്‍ പ്രതിയായി വിചാരണ നേരിടുന്ന മണിയുടെ ഈ നടപടിയില്‍ ആരും അത്ഭുതപ്പെടില്ല. എന്തെന്നാല്‍ കശാപ്പുകാരന്റെ മനസാണല്ലോ മണിയുടേത്.

ഇന്ന് ഈ സംഭവം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാടിന് പിന്‍ബലം നല്‍കിക്കൊണ്ട് ഏറെ വിചിത്രവും വിശ്വസനീയതയില്ലാത്തതുമായ ഒരു റിപ്പോര്‍ട്ട് ഐ.ജി. നല്‍കിയതായി മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു വന്നതിനെത്തുടര്‍ന്ന് ഇനിയും കൂടുതല്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതായി പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി തന്നെ ഇന്നലെയുണ്ടായ പോലീസ് അതിക്രമങ്ങളെ ആവര്‍ത്തിച്ച് ന്യായീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഐ.ജിയുടെ റിപ്പോര്‍ട്ടിന് തന്നെ എന്താണ് പ്രസക്തിയുള്ളത്. പോലീസ് എന്ത് ധാര്‍ഷ്ഠ്യമാണ് കാണിച്ചത് എന്ന് തനിക്ക് മനസിലാകുന്നില്ല എന്നു പറഞ്ഞുകൊണ്ട് ഇന്നും പോലീസിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചിരിക്കുന്നു. ഇന്നലെ പോലീസ് നടത്തിയ വേട്ടയെക്കുറിച്ച് ജനങ്ങളാകെ ചര്‍ച്ചചെയ്യുമ്പോഴും ജനപ്രതിഷേധം ഉയരുമ്പോഴും ഇപ്രകാരം പറയുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത് ? മുഖ്യമന്ത്രി പോലീസിന് നല്‍കിവരുന്ന അന്ധമായ ഈ പിന്തുണയാണ് മുഖ്യമന്ത്രിയുടെ താല്പര്യമനുസരിച്ച് എന്തും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഫലത്തില്‍ മുഖ്യമന്ത്രിയുടെ നയം തന്നെയാണ് ഇന്നലെയുണ്ടായ പോലീസ് തേര്‍വാഴ്ച്ചയ്ക്ക് ഇടവരുത്തിയത്. അതുകൊണ്ട് കേരളത്തിന് അപമാനകരമായ പോലീസ് കാടത്തത്തിന്റെ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മാത്രമാണുള്ളത്. ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തിനാകില്ല.

അതുകൊണ്ട് ഇനിയെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി എന്ന നിലയില്‍ അധികാരത്തില്‍ തുടരാനുള്ള അര്‍ഹത ശ്രീ. പിണറായി നഷ്ടപ്പെടുത്തിയിരിക്കുന്നു. ജിഷ്ണുവിന്റെ മാതാപിതാക്കളോടും കുടുംബത്തോടും ജനങ്ങളോടും കുറ്റം ഏറ്റുപറഞ്ഞ് തനിക്ക് നേരേ ചൊവ്വേ കൊണ്ടുനടക്കാന്‍ പറ്റാത്ത മുഖ്യമന്ത്രിപദം രാജിവയ്ക്കാന്‍ പിണറായി തയ്യാറാവുകയാണ് വേണ്ടത്. ഇനിയും അതിന് വൈകരുത്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളോട് തെല്ലെങ്കിലും ഉത്തരവാദിത്വമുള്ള ഒരു ഭരണാധികാരിക്ക് ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.

Top