അധിക്ഷേപിക്കുന്ന വാര്‍ത്തയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം: ധൈര്യമുണ്ടെങ്കില്‍ പരാമര്‍ശങ്ങള്‍ സഭയ്ക്ക് പുറത്ത് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉടമ

തനിക്കെതിരെ അധിക്ഷേപകരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന പിണറായി വിജയന്റെ ആരോപണത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാംഗമല്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കില്‍ സഭയ്ക്ക് പുറത്ത് ഉന്നയിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരന്‍ കിഫ്ബിക്കെതിരെ പ്രതികരിച്ചു എന്ന വിഷയം സഭയില്‍ ചര്‍ച്ചയായപ്പോഴായിരുന്നു മുഖ്യമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ തിരിഞ്ഞത്. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ രംഗത്തെത്തിയത്.

മുഖ്യമന്ത്രി നടത്തുന്ന ഭീഷണികള്‍ ഭരണപരാജയം മൂടിവെക്കാനാണ്. ഈ സര്‍ക്കാര്‍ തോല്‍പ്പിച്ചത് ജനങ്ങളെയാണെന്നും 2016-17 കേരളത്തിന്റെ ഏറ്റവും മോശം രാഷ്ട്രീയ സാമ്പത്തിക വര്‍ഷമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റകൃത്യങ്ങളും മൂന്നാര്‍ കൈയേറ്റങ്ങളും ഭീഷണികളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയാണ്. കേരളത്തില്‍ ഇപ്പോള്‍ തൊഴിലില്ല, നിക്ഷേപമില്ല, ഭക്ഷണമില്ല. മുഖ്യമന്ത്രി തനിക്കെതിരെ തിരിയുന്നതിന് പിന്നില്‍ മൂന്നാര്‍ വിഷയത്തില്‍ അടക്കം താന്‍ നടത്തിയ ശക്തമായ ഇടപെടലുകളാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന്റെ സിഡി പരിശോധിച്ചാല്‍ സുധാകരന്‍ കിഫ്ബിക്കെതിരെ ആഞ്ഞടിച്ചത് മനസ്സിലാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോഴാണ് പിണറായി വിജയന്‍ രാജീവ് ചന്ദ്രശേഖരനെതിരെ വിമര്‍ശനം അഴിച്ചു വിട്ടത്. ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖരന്റെ നിയന്ത്രണത്തിലാണെന്നും തന്റെ വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും പിണറായി പറഞ്ഞിരുന്നു.

ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് രാജീവ് ഇടപെട്ടു. മുഖ്യമന്ത്രിയെന്ന നിലയില്‍ മാത്രമല്ല വ്യക്തിപരമായും തന്നെ അധിക്ഷേപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനലാണെന്നും പിണറായി സഭയില്‍ പറഞ്ഞിരുന്നു.

Top