ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍തന്നെ പാര്‍ട്ടിയേയും ഇടതുമുന്നണിയേയും നയിക്കുമെന്നും നേതൃമാറ്റം എതിരാളികളുടെ ദിവാസ്വപ്‌നമായിരിക്കുമെന്നും യോഗശേഷം കേന്ദ്രനേതൃത്വം വ്യക്‌തമാക്കി.സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന കേരളസര്‍ക്കാരിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്‌ഥാനസര്‍ക്കാരിനെ വേട്ടയാടാനുള്ള ശ്രമങ്ങളെ ശക്‌തമായി ചെറുക്കുമെന്നും സി.സി. ഏകകണ്‌ഠമായി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
മകന്റെ പേരില്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ സി.സി. ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുത്തതേയില്ല. കേരളത്തില്‍ സി.ബി.ഐക്കു പ്രവര്‍ത്താനാനുമതി റദ്ദാക്കുന്ന കാര്യത്തില്‍ നിയമവശം പരിശോധിച്ച് സര്‍ക്കാരിനു തീരുമാനമെടുക്കാം. പിണറായിക്കും കോടിയേരിക്കുമെതിരായ ആരോപണങ്ങള്‍ ചില നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ആരും വിമര്‍ശനമുന്നയിച്ചില്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്‌ഥാനസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ചെറുത്തേതീരൂവെന്ന് പി.ബി. അംഗം കൂടിയായ എസ്. രാമചന്ദ്രന്‍ പിള്ള ആവശ്യപ്പെട്ടു.
ബി.ജെ.പി. നേതാക്കളുടെ ഉത്തരവുപ്രകാരമാണു കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്‌ട്രീയ എതിരാളികളെ ഒതുക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും എളമരം കരീം പറഞ്ഞു. തുടര്‍ന്ന്, സംസ്‌ഥാനസര്‍ക്കാരിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് പ്രമേയമവതരിപ്പിച്ചു. പശ്‌ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിക്കണമെന്ന പി.ബി. നിര്‍ദേശം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു.മകന്‍ ബിനീഷ് കോടിയേരിയുടെ കുറ്റത്തിനു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ രാജിവയ്‌ക്കണമെന്ന ആവശ്യം ബാലിശമെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മറ്റുള്ളവര്‍ ചെയ്‌ത തെറ്റുകള്‍ക്കു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും രാജിവയ്‌ക്കേണ്ടതില്ലെന്ന് ഇന്നലെ സമാപിച്ച കേന്ദ്ര കമ്മിറ്റി ഐകകണ്‌ഠ്യേന തീരുമാനിച്ചു.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു. സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനീഷ് പാര്‍ട്ടി അംഗമല്ല. അങ്ങനൊരാള്‍ ചെയ്‌ത കുറ്റത്തിന് എന്തിനാണു പാര്‍ട്ടി സെക്രട്ടറി സ്‌ഥാനമൊഴിയുന്നത്? മകന്റെ കുറ്റങ്ങള്‍ക്ക് ഉത്തരവാദിത്വമേറ്റെടുത്ത് കോടിയേരി ചുമതലയൊഴിയേണ്ട കാര്യമില്ല. ബിനീഷിന്റെ കാര്യത്തില്‍ കോടിയേരി നിലപാട് വ്യക്‌തമാക്കിയിട്ടുമുണ്ട്. കേസില്‍ അന്വേഷണം നടക്കട്ടെ. ബിനീഷ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കണം. അന്വേഷണത്തില്‍ കേരളസര്‍ക്കാരോ പാര്‍ട്ടിയോ ഇടപെടുന്നില്ല. കേന്ദ്ര ഏജന്‍സികളാണ് അന്വേഷണം നടത്തുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണമുയര്‍ന്നപ്പോള്‍തന്നെ ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്‌ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷം കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണ്. ഉദ്യോഗസ്‌ഥതലത്തിലാണു ക്രമക്കേടുകള്‍ നടന്നത്. അതിനു സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികളാണു സംസ്‌ഥാനസര്‍ക്കാരിനു സ്വീകരിക്കാനാവുക. അതു ചെയ്‌തിട്ടുമുണ്ട്. കോവിഡ് പ്രതിരോധത്തിലും മറ്റ് ജനക്ഷേമപ്രവര്‍ത്തനങ്ങളിലും മികവു പ്രകടിപ്പിച്ച സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണു നടക്കുന്നത്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് പ്രതിപക്ഷം രാഷ്‌ട്രീയമുതലെടുപ്പിനു ശ്രമിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.