തിരുവനന്തപുരം∙ ജിഷ്ണു കേസില്‍ സര്‍ക്കാരിനു സാധ്യമായതെല്ലാം ചെയ്തെന്നും ഒരു സര്‍ക്കാരിനും ഇതിലധികം ഒന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുമായി ബന്ധപ്പെട്ടു സർക്കാർ ഏതു കാര്യത്തിലാണ് വീഴ്ച വരുത്തിയത്. ഡിജിപി ഒാഫീസിനു മുന്നില്‍ നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ തീരുന്ന പ്രശ്നമല്ല ഇത്. എന്തു കാര്യമാണു ജിഷ്ണുവിന്റെ കുടുംബത്തിനു സമരത്തിലൂടെ നേടാനുണ്ടായിരുന്നത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം എല്ലാവരെയും വേദനിപ്പിച്ചു. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായാൽ നടപടിയെടുക്കും. കുടുംബത്തിന്റെ പ്രശ്നം ഗൗരവമായി കാണുന്നുവെന്ന് മഹിജയോട് പറഞ്ഞിരുന്നതാണ്. അമ്മയുടെ മാനസികാവസ്ഥ രാഷ്ട്രീയമായി മുതലെടുത്തെന്ന വിലയിരുത്തലുണ്ടായെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മയുടെ മാനസിക വിഷമം എല്ലാവർക്കും ബോധ്യമുള്ളതാണ്. സർക്കാർ ചെയ്യേണ്ടതു ചെയ്തിട്ടുണ്ട്. പരാതി നൽകാൻ ഡിജിപി ഓഫിസിനു മുന്നിൽ എത്തിയപ്പോൾ സംഭവിക്കാൻ പാടില്ലാത്തതു നടന്നു. പാർട്ടിയെ അനുകൂലിക്കുന്നവർക്കുപോലും എതിരഭിപ്രായം ഉണ്ടായി. സമരം പെട്ടെന്നു തീരരുത് എന്നാണ് ഇടപെട്ട മറ്റുള്ളവരുടെ ആവശ്യം. ജിഷ്ണുവിന്റെ കുടുംബത്തിന് എന്നെ എപ്പോൾ വേണമെങ്കിലും വന്നു കാണാം. പിടികിട്ടാത്ത പ്രതികളുടെ കാര്യത്തിൽ, സാധാരണയിൽനിന്നു വ്യത്യസ്തമായി അവരുടെ സ്വത്തു കണ്ടുകെട്ടാനുള്ള നടപടികൾ സർക്കാർ എടുത്തിരിക്കുകയാണ്.
ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്താണ് സമരത്തിന് പിന്നില്‍. ശ്രീജിത്ത് ആരെയൊക്കെ ബന്ധപ്പെട്ടിരുന്നുവെന്നു തനിക്കു പറയാൻ കഴിയില്ല. പൂർണമായും പാർട്ടി കുടുംബം ആണെങ്കിൽ എസ്‌യുസിഐയ്ക്ക് എങ്ങനെ അവരെ റാഞ്ചാൻ പറ്റി? എസ്‌യുസിഐക്കാർക്ക് എങ്ങനെ സ്വാധീനിക്കാനായി? – മുഖ്യമന്ത്രി ചോദിച്ചു. സമരത്തില്‍ എസ്‌യുസിഐയ്ക്ക് പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും. അറസ്റ്റു ചെയ്തപ്പോള്‍ എസ്‌യുസിഐക്കാരുടെ ഫോണ്‍ ഏല്‍പിച്ചത് ശ്രീജിത്തിനെയാണ്– മുഖ്യമന്ത്രി പറഞ്ഞു.
കെ.എം. ഷാജഹാനെതിരെ വ്യക്തി വിരോധമുണ്ടായിരുന്നെങ്കില്‍ നേരത്തെ നടപടിയെടുക്കാമായിരുന്നുവെന്നും പിണറായി വിജയന്‍ വ്യക്തമാക്കി