കൊച്ചി: ആറ്റിങ്ങലിൽ അച്ഛനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത് അപമാനിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പിങ്ക് പൊലീസിന്റെ നടപടി കാക്കിയുടെ അഹങ്കാരമാണെന്നും ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. മൊബൈൽ ഫോൺ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസുകാരിയുടെ ചുമതല ആണ്. എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തതെന്നും കോടതി ചോദിച്ചു.
കുട്ടിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പരിശോധിച്ച കോടതി, ദൃശ്യങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. ഈ പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവർ സ്ത്രീയാണോ? പൊലീസ് ഇത്തരത്തിൽ പെരുമാറുന്നതു കൊണ്ടാണ് ഇവിടെ ആത്മഹത്യകൾ വരെ ഉണ്ടാകുന്നതെന്നും കോടതി പറഞ്ഞു. പൊലീസിനോട് തിരിച്ചെന്തെങ്കിലും പറഞ്ഞാൽ കേസെടുക്കാനാണ് ശ്രമം. സംഭവത്തിൽ ക്ഷമാപണം നടത്താൻ ഉദ്യോഗസ്ഥ തയാറാകാത്തത് സങ്കടകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ഡിജിപിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ആളുകളുടെ വസ്ത്രവും നിറവും നോക്കിയാണ് പോലീസ് പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയുടെ മൊബൈൽഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ പരസ്യവിചാരണ ചെയ്തത്. എന്നാൽ മൊബൈൽഫോൺ ഉദ്യോഗസ്ഥയുടെ കൈയിൽ തന്നെയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആരോപണ വിധേയയായ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റുകയും നല്ലനടപ്പ് പരിശീലനത്തിന് അയക്കുകയും മാത്രമാണ് ചെയ്തത്.
ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ബാലികയെയും പിതാവിനെയും പരസ്യമായി വിചാരണ നടത്തുകയും പിന്നീട് സ്വന്തം ബാഗിൽ മൊബൈൽ ഫോൺ കണ്ടെത്തുകയും ചെയ്തു. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ബാലിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.