സ്വന്തം ലേഖകൻ
കോഴിക്കോട്: 36 ലക്ഷം രൂപയുടെ കുഴൽപണവുമായി മൂന്നുപേർ പൊലീസ് പിടിയിൽ.
കിണാശ്ശേരി സ്വദേശി അജ്മൽ റോഷനെ (23)11,25,700 രൂപ സഹിതം രാമനാട്ടുകരയിൽനിന്നും കൊടുവള്ളി സ്വദേശി മുഹമ്മദ് ജിൽഷാദിനെ (24) 4,57,500 രൂപ സഹിതം വെസ്റ്റ്ഹില്ലിൽനിന്നും വണ്ടിപ്പേട്ടയിൽ നിന്നും അന്നശ്ശേരി സ്വദേശി ബാസിതിനെ (37) 3,60,000 രൂപയുമാണ് പിടികൂടിയത്.
നടക്കാവ് പൊലീസ് എസ്.ഐ എസ്. നിയാസിന്റ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്..
പരിശോധനക്ക് ഹൈലറ്റ് മാൾ പരിസരത്തെത്തിയ പന്തീരാങ്കാവ് പൊലീസ് സംഘത്തെക്കണ്ട് പണമടങ്ങിയ ബാഗ് ഉപേക്ഷിച്ച് രണ്ടംഗസംഘം രക്ഷപ്പെട്ടു.
ഉപേക്ഷിച്ച ബാഗിൽ 16.50 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തെ അന്വേഷിച്ചുവരുകയാണെന്ന് പന്തീരാങ്കാവ് പൊലീസ് പറഞ്ഞു.
ലോക്ഡൗൺ കാലത്ത് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പലർക്കും പണമയക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സിറ്റി പൊലീസ് ലപരിശോധന നടത്തിയത്.
നഗരപരിധിയിലെ വിവിധ ബാങ്കുകളുടെ 58 കാഷ് ഡെപോസിറ്റ് മെഷീനുകളിലുൾപ്പെടെ ഇതിന്റെ ഭാഗമായി പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
നേരേത്ത കുഴൽപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.