കോട്ടയം: പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസില്‍ യോജിപ്പിനുള്ള അവസാന ശ്രമങ്ങള്‍ നടക്കുന്നു. സമവായത്തിന് വഴിതെളിഞ്ഞെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ജോസ് കെ മാണി വിഭാഗം ചര്‍ച്ചകള്‍ക്ക് തയ്യാറായതായി റിപ്പോര്‍ട്ട്. നാളെ ചര്‍ച്ച നടക്കുമെന്ന സൂചന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.
സമവായത്തിന് തയാറാണെന്നും സമവായ ശ്രമങ്ങള്‍ തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെന്നും ജോസ്.കെ. മാണി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പിന്നാലെ സമവായം വേണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും നാളെ ചര്‍ച്ച നടത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തന്നെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് തൊടുപുഴ കോടതി പുറപ്പെടുവിപ്പിച്ച സ്റ്റേ ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ജോസ്.കെ.മാണി വ്യക്തമാക്കി. ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തത് റദ്ദാക്കിയിട്ടില്ല. എന്നാല്‍ ചെയര്‍മാന്റെ അധികാരങ്ങള്‍ പ്രയോഗിക്കുന്നത് സ്റ്റേ ചെയ്യുന്ന തരത്തിലുള്ളതാണ് തൊടുപുഴ കോടതിയുടെ ഉത്തരവ്.
അതിനിടെ രണ്ടില ചിഹ്നഹ്നം അനുവദിക്കുന്നത് ഏതെങ്കിലും ഒരു വ്യക്തിയല്ലെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ജോസ്.കെ.മാണി പ്രതികരിച്ചു. പാലാ ഉപതിരഞ്ഞെടുപ്പില്‍ തീരുമാനമെടുക്കുന്നതും കമ്മീഷനാണെന്നും ജോസ്.കെ.മാണി പ്രതികരിച്ചു. പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചിരുന്നു.