കോട്ടയം: കെഎം മാണിയുടെ നിലപാടിനെതിരെ വിയോജിപ്പുമായി ജോസഫ് വിഭാഗം വന്നതിനുപിന്നാലെ പിജെ ജോസഫ് പ്രതികരിക്കുന്നു. കെഎം മാണിയുടെ നിലപാടിന് വിരുദ്ദമായ പ്രതികരണവുമായിട്ടാണ് പിജെ ജോസഫ് എത്തിയത്.
കേരളത്തില്‍ മുന്നണി ബന്ധം അനിവാര്യമാണെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഒറ്റയ്ക്ക് നിന്ന് ശക്തിപ്പെടുക എന്നതാണ് പാര്‍ട്ടി നയം. ഇപ്പോഴത്തെ കാലഘട്ടത്തില്‍ മുന്നണിബന്ധം ഉള്ളതാണ് നല്ലതെന്നും പിജെ ജോസഫ് പറഞ്ഞു.
മാണിയുടെ നിലപാടുകളില്‍ വിയോജിപ്പുമായി ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് നേരത്തേ രംഗത്ത് വന്നിരുന്നു. കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനാണ് പ്രസക്തിയെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ മുന്നണി രാഷ്ട്രീയം യാഥാര്‍ഥ്യമാണ്. ഇക്കാര്യം പാര്‍ട്ടിയില്‍ വിശദമായി ചര്‍ച്ച ചെയ്യും.
എല്ലാ മുന്നണികളോടും സമദൂരം പാലിക്കണമെന്ന നിലപാടിലാണ് കെഎം മാണി. ഒരു മുന്നണിയിലും അംഗമാകില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍തൂക്കമെന്നും മാണി അറിയിച്ചിരുന്നു. ഇതിനിടെയാണ് പിജെ ജോസഫ് മാണിയുടേതിന് വിരുദ്ധമായ നിലപാടുമായി പരസ്യമായി രംഗത്ത് വന്നത്.