പരപ്പനങ്ങാടി: വിവാദങ്ങളുടെയും പരിഹാസങ്ങളുടെയും ഒരു കേന്ദ്രബിന്ദുവായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. അബ്ദുറബ്ബിനെതിരെ പെരുന്നാള്‍ ദിനത്തിലും പ്രതിഷേധം ശക്തമാകുകയാണ്. ജാമ്യമില്ലാ കേസ് പ്രതിയെ അബ്ദുറബ്ബ് പോലീസ് സ്റ്റേഷനില്‍ നിന്നിറക്കിക്കൊണ്ടു പോയി.
പെരുന്നാള്‍ ആഘോഷിച്ച് തിരിച്ചു കൊണ്ടുവിടാം എന്നു പറഞ്ഞാണ് അബ്ദുറബ്ബ് പ്രതിയെ സ്റ്റേഷനില്‍നിന്നിറക്കിയത്. ദളിത് സ്ത്രീയെ ജാതിപ്പേര് വിളിച്ച് തടഞ്ഞുവച്ചെന്ന കേസിലെ പ്രതിയായ യൂത്ത് ലീഗ് പ്രവര്‍ത്തകനെയാണ് സ്റ്റേഷനില്‍ ഇറക്കിക്കൊണ്ടുപോയത്. ചാപ്പപ്പടി പടനകത്ത് മുജീബി (30)നെ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍നിന്ന് അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകാര്‍ ഇറക്കിക്കൊണ്ടുപോകുകയായിരുന്നു. തിരൂര്‍ ഡിവൈഎസ്പി സന്തോഷിന്റെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച വൈകിട്ട് പരപ്പനങ്ങാടിയില്‍നിന്നാണ് എസ്ഐ ജിനേഷ് മുജീബിനെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ 25ന് ബീച്ചില്‍ കുടുംബസമേതം എത്തിയ നഗരസഭാംഗം മണ്ണാറയില്‍ സുമംഗലിയെയാണ് മുജീബ് തടഞ്ഞുവച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്. തദ്ദേസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ കുത്തക സീറ്റായ 40-ാം ഡിവിഷന്‍ പിടിച്ചെടുത്തതിലുള്ള രോഷമായിരുന്നു മുജീബിന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമം. കൊന്നിട്ടാണെങ്കിലും ഉപതെരഞ്ഞെടുപ്പ് നടത്തി ഡിവിഷന്‍ പിടിച്ചെടുക്കുമെന്ന ഭീഷണിയും ഉയര്‍ത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും യുഡിഎഫ് സമ്മര്‍ദത്തെതുടര്‍ന്ന് മുജീബിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. പ്രതിയെ പിടിച്ചയുടന്‍ ലീഗുകാര്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ തടിച്ചുകൂടുകയായിരുന്നു.
ലീഗുകാര്‍ അറിയിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയ പികെ അബ്ദുറബ്ബ് മുജീബിനെ ഇറക്കിക്കൊണ്ടുപോവുകയായിരുന്നു. ജാതിപ്പേര് വിളിച്ച് അതിക്ഷേപിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്ത കേസിലെ പ്രതിയെ വിട്ടുകൊടുത്തതില്‍ പൊലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പെരുന്നാള്‍ ആഘോഷിക്കാനാണെന്ന് പറഞ്ഞാണ് റബ്ബ് പ്രതിയെ സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടു പോയത്. അടുത്ത ദിവസം ഹാജരാക്കാമെന്ന എംഎല്‍എയുടെ ജാമ്യത്തിലാണ് പ്രതിയെ നല്‍കിയതെന്നാണ് പൊലീസ് ഭാഷ്യം. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.