അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎഇ സന്ദര്‍ശനം പ്രവാസിലോകത്ത് ആവേശമുയര്‍ത്തുന്നു.അബുദാബിയില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് അമ്പലം പണിയുവാന്‍ അനുമതി നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദര്‍ശനത്തിലാണ് സുപ്രധാനമായ ഈ തീരുമാനം ഉണ്ടായത്. അബുദാബിയില്‍ അമ്പലം പണിയാന്‍ അനുമതി നല്‍കിയെന്ന് വിദേശകാര്യമന്ത്രാലയ വക്താവാണ് ട്വീറ്റിലൂടെ അറിയിച്ചത്. അമ്പലം പണിയാന്‍ അനുമതിയതിന് മോദിയും ട്വീറ്റിലൂടെ ഭരണകൂടത്തിന് നന്ദിയറിയിച്ചു. യു.എ.ഇയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രൗഢഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ എത്തിയ മോദിയെ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപസൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഗാര്‍ഡ് ഒഫ് ഓണര്‍ ചടങ്ങിനുശേഷം നരേന്ദ്ര മോദിയും ഷേഖ് മുഹമ്മദും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി എമിറേറ്റ് പാലസിലേക്ക് യാത്രയായി. അവിടെയാണ് നിര്‍ണ്ണായക വിഷയങ്ങള്‍ മോഡി അവതരിപ്പിച്ചത്. ഇന്ന് ദുബായില്‍ എത്തുന്ന പ്രധാനമന്ത്രി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമുമായി ചര്‍ച്ച നടത്തും.
രാത്രി 7.30ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. അന്‍പതിനായിരത്തോളം പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് കരുതുന്നത്. ചടങ്ങുകള്‍ കാണാന്‍ സ്റ്റേഡിയത്തിന് വെളിയിലും കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനം തൊഴിലാളികള്‍ക്കിടയില്‍ അവിസ്മരണീയമായി.ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളോട് കുശലാന്വേഷണം നടത്തിയ പ്രധാനമന്ത്രി അവര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും പരാതികള്‍ കേള്‍ക്കുകയും ചെയ്തു. ക്യാമ്പിനകത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
ഗാലറിയിലുണ്ടായിരുന്ന ഓരോ സംഘത്തിനടുത്തേക്കും പ്രധാനമന്ത്രി നേരില്‍ ചെന്നു സംസാരിച്ചു. കുശലമന്വേഷിക്കുകയും ക്ഷേമമാരായുകയും ചെയ്തു. ഹിന്ദിയിലാണ് മോഡി സംസാരിച്ചത്. ചിലര്‍ പരാതികള്‍ പറയുന്നതും കാണാമായിരുന്നു. തൊഴിലാളികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. 15 മിനിറ്റോളം മോഡി തൊഴിലാളികള്‍ക്കൊപ്പം സമയം ചെലവഴിച്ചു.
ഔദ്യോഗിക സന്ദര്‍ശനത്തിന്റെ കീഴ്‌വഴക്കങ്ങള്‍ മറികടന്നു പ്രവാസികളോടു കുശലാന്വേഷണത്തിനാണു മോഡി സമയം കണ്ടെത്തിയത്. ഇരുന്നൂറ്റി അന്‍പതോളം തൊഴിലാളികളില്‍ ഒട്ടേറെപ്പേരോടു പ്രവാസ ജീവിതത്തെക്കുറിച്ചും നാട്ടിലെ സാഹചര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഔപചാരിക മട്ടിലുള്ള പ്രസംഗമോ വാഗ്ദാനങ്ങളോ ഉണ്ടായില്ല.
മുസഫ വ്യവസായമേഖലയില്‍ ഐക്കാഡ് റസിഡന്‍ഷ്യല്‍ സിറ്റിയിലെ ലേബര്‍ ക്യാംപിലായിരുന്നു സന്ദര്‍ശനം. ഇവിടെയുള്ള എണ്‍പതിനായിത്തോളം തൊഴിലാളികളിലേറെയും ഇന്ത്യക്കാരാണ്; പ്രത്യേകിച്ച് ഉത്തരേന്ത്യക്കാര്‍. ഇവരില്‍ തെരഞ്ഞെടുക്കപ്പെട്ടവരുമായിട്ടായിരുന്നു ആശയവിനിമയം. ജോലിയുടെ വിശദാംശങ്ങളും നാട്ടിലെ വിശേഷങ്ങളും പ്രധാനമന്ത്രി ചോദിച്ചതായി കാഞ്ഞങ്ങാട് സ്വദേശി വേണുഗോപാല്‍ പറഞ്ഞു.
അബുദാബിയിലെ പ്രധാന ആകര്‍ഷണവും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ മുസ്ലിം പള്ളിയുമായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്ര സംഭവമായി. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഖബറിടം അദ്ദേഹം സന്ദര്‍ശിച്ചു. അറേബ്യന്‍ വാസ്തു ശില്പചാതുരി തുടിച്ച് നില്‍ക്കുന്ന പള്ളി മോദി ചുറ്റിക്കണ്ടു.
പള്ളിയുടെ നിര്‍മ്മാണത്തേക്കുറിച്ചും പ്രവര്‍ത്തനത്തേക്കുറിച്ചുമെല്ലാം ചോദിച്ചു മനസിലാക്കി. അര മണിക്കൂറോളം മോദി പള്ളിയില്‍ ചെലവഴിച്ചു. യുഎഇ യുവജന സാംസ്‌കാരിക മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം, പ്രമുഖരായ എം.എ.യൂസഫലി, ബി.ആര്‍.ഷെട്ടി, ഡോ.ഷംസീര്‍ വയലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സന്ദര്‍ശനാര്‍ഥം പള്ളിയില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു.
ഇന്നും നയതന്ത്രവ്യാപാര ചര്‍ച്ചകള്‍ തുടരും. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയുടെ മാനേജിങ് ഡയറക്ടര്‍ ഷേഖ് ഹമദ് ബിന്‍ സെയ്ദ് അല്‍ ന്യാനുമായുള്ള കൂടിക്കാഴ്ചയില്‍ 800 ബില്യണ്‍ ഡോളറിന്റെ സോവറിന്‍ ഫണ്ടില്‍നിന്ന് അടിസ്ഥാനവികസനത്തിനായി വലിയതുക നിക്ഷേപമായി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തീവ്രവാദത്തിനെതിരായ യോജിച്ച പ്രവര്‍ത്തനം,
മേക്ക് ഇന്‍ ഇന്ത്യ, ഊര്‍ജം, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ കൂട്ടായ പ്രവര്‍ത്തനവും നിക്ഷേപവും ചര്‍ച്ചയില്‍ പ്രതീക്ഷിക്കുന്നു. ദുബായിലെ പ്രസംഗത്തില്‍ വിമാനക്കൂലിവര്‍ദ്ധന, പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. 26 ലക്ഷം ഇന്ത്യന്‍ പ്രവാസികളുള്ള യു.എ.ഇയില്‍ 34 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത്. 1981 ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനം എത്തിയത്.