കൊല്ലം: ആര്‍. ശങ്കര്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്തു. കൊല്ലം എസ്.എന്‍ കോളേജ് ആസ്ഥാനത്താണ് ചടങ്ങ് നടക്കുന്നത്. ശ്രീനാരയണ ഗുരുവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ജീവിച്ച് മരിച്ച മഹാനാണ് ആര്‍. ശങ്കറെന്ന് മോദി പറഞ്ഞു. 2 വര്‍ഷം മാത്രമാണ് ആര്‍. ശങ്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നതെങ്കിലും അദ്ദേഹത്തെ കേരളം ഇന്നും ഓര്‍മിക്കുന്നത് മുഖ്യമന്ത്രി എന്നതിലുപരി സാമൂഹിക നേതാവെന്ന നിലയിലാണെന്നും മോദി പറഞ്ഞു. പ്രതിമ അനാവരണം ചെയ്യാന്‍ അവസരം തന്നതിന് എസ്.എന്‍.ഡി.പിയോട് കടപ്പാടുണ്ടെന്നും മോദി പറഞ്ഞു. ആര്‍.ശങ്കറും എന്‍.എസ്.എസ് സ്ഥാപകനായ മന്നത്ത് പത്മനാഭനും ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലം സ്ഥാപിച്ചിരുന്നു. ഹിന്ദു മഹാമണ്ഡലത്തിന്റെ പരിപാടിക്കായി ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെയാണ് ക്ഷണിച്ചിരുന്നത്.
പക്ഷെ ദേഹാസ്വസ്ഥ്യം കാരണം മുഖര്‍ജിക്ക് അന്ന് പങ്കെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ പിന്നീട് തിരുവനന്തപുരത്ത് വന്ന ശ്യാമപ്രസാദ് മുഖര്‍ജിയെ ആര്‍. ശങ്കര്‍ സന്ദര്‍ശിച്ചിരുന്നതായും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജനസംഘത്തിന്റെ അഖിലേന്ത്യാ സംഗമത്തിലേക്ക് ശങ്കറിനെ ശ്യാമപ്രസാദ് മുഖര്‍ജി ക്ഷണിച്ചിരുന്നതായും മോദി പറഞ്ഞു. പിന്നാക്കക്കാര്‍ക്ക് എന്തെല്ലാം പീഡനങ്ങള്‍ നേരിടേണ്ടി വരുമെന്ന് എന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. എല്ലാ വിഷമങ്ങളും അനുഭവിച്ച് വളര്‍ന്നയാളാണ് താനെന്നും മോദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഈ സമയത്ത് സമൂഹത്തിന്റെ താഴേക്കിടിയില്‍ ജീവിക്കുന്നവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള എസ്എന്‍ഡിപിക്കാരുടെ ആഗ്രഹം കണ്ടു മനസിലാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.