പ്രതിമ അനാച്ഛാദന വിവാദം:വെള്ളാപ്പള്ളി നടേശനെതിരെ കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നു. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കുകയും പിന്നീട് അദ്ദേഹത്തോട് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത വെള്ളാപ്പള്ളി നടേശന്റെ നടപടി അങ്ങേയറ്റം അനൗചിത്യപരവും കേരളത്തിന് അപമാനകരവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

ചില കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയോട് ഇപ്രകാരം ആവശ്യപ്പെട്ടതെന്ന് പറയുന്ന വെള്ളാപ്പള്ളി ആ കേന്ദ്രങ്ങള്‍ ഏതാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും സ്വാഭാവികമായും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളാണ് അതിന്റെ പിന്നിലെന്ന് മനസിലാക്കാം. എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളിക്ക് എസ്.എന്‍.ഡി.പി. യോഗത്തിന്റെ ഒരു പരിപാടി പോലും സ്വതന്ത്രമായി തീരുമാനിച്ച് നടത്താന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വര്‍ഗീയഫാസിസ്റ്റ് ശക്തികളുടെ തടവറയിലാണ് താനെന്ന് ഈ നടപടിയിലൂടെ അദ്ദേഹം സ്വയം തെളിയിച്ചിരിക്കുകയാണ്. ആര്‍.എസ്.എസിന്റെ അടിമത്തം സ്വീകരിച്ച വെള്ളാപ്പള്ളി ഇനിയെങ്കിലും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കടിച്ചുതൂങ്ങാതെ എത്രയും വേഗം രാജിവെച്ച് ഒഴിയുകയാണ് അഭികാമ്യമെന്നും സുധീരന്‍ പറഞ്ഞു.
പ്രധാന മന്ത്രിയുടെ പരിപാടിയില്‍ നിന്ന് മുഖ്യ മന്ത്രിയെ ഒഴിവാക്കിയത് ശരിയായില്ലന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു .മുഖ്യ മന്ത്രി ആര് എന്നതല്ല ആ പദവിക്കാണ് പ്രാധാന്യം. നോട്ടിസ് അടിച്ചശേഷം മുഖ്യമന്ത്രിയെ മാറ്റിയത് ശരിയായില്ല എന്നും ചെന്നിത്തല പറഞ്ഞു. ഇതിന്റെ പിന്നില്‍ ബിജെപി ആണെന്ന് സംശയം ഉണ്ടെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് ക്ഷണിച്ച ശേഷം ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ നടപടി അപമാനകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എ.കെ.ആന്റണി കൊച്ചിയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ സംഘാടകര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ ശക്തി ഏതാണെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും ആന്റണി പറഞ്ഞു.അതിനിടെ ആര്‍. ശങ്കര്‍ പ്രതിമാ അനാച്‌ഛാദന ചടങ്ങില്‍നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ കാരണം ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടെന്ന്‌ വെള്ളാപ്പള്ളി നടേശന്റെ ഓഫീസ്‌. എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ടിനെ കുറിച്ച്‌ അറിവില്ലെന്ന്‌ ഐ.ബി വ്യക്‌തമാക്കി.
മുഖ്യമന്ത്രിയെ അവഹേളിക്കുംവിതം ചടങ്ങില്‍നിന്നും ഒഴിവാക്കിയതിനെതിരെ പല ഭാഗങ്ങളില്‍നിന്നും പ്രതിഷേധം ശക്‌തമായതോടെയാണ്‌ രഹസ്യാന്വേഷണ വിഭാഗത്തെ പഴിച്ച്‌ വെള്ളാപ്പള്ളിയുടെ ഓഫീസ്‌ രംഗത്തെത്തിയത്‌. വിവാദ പ്രസ്‌താവനയില്‍ വെള്ളാപ്പള്ളിക്ക്‌ എതിരെ കേസെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയാല്‍ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കുമെന്നായിരുന്നു ഐ.ബി റിപ്പോര്‍ട്ടെന്ന്‌ വെള്ളാപ്പള്ളിയുടെ ഓഫീസ്‌ പറയുന്നു. ഈ സാഹചര്യത്തിലാണ്‌ ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതെന്നാണ്‌ ഓഫീസിന്റെ വിശദീകരണം.
എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ടില്ലെന്ന്‌ ഐ.ബി പറയുന്നു. ഇത്തരം ഒരു റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നുവെങ്കില്‍ അത്‌ ആദ്യമറിയേണ്ടത്‌ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയാണെന്നും ഐ.ബി വൃക്‌തമാക്കുന്നു. ഇതോടെ രഹസ്യാന്വേഷണ വിഭാഗത്തെ പഴിചാരി പ്രശ്‌നത്തില്‍നിന്നും തലയൂരാനുള്ള വെള്ളാപ്പള്ളിയുടെ ഓഫീസിന്റെ ശ്രമവും പാളി.
ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നു പറഞ്ഞ വെള്ളാപ്പള്ളി, ചടങ്ങ്‌ സ്വകാര്യ പരിപാടിയാണെന്നും സര്‍ക്കാര്‍ പരിപാടിയല്ലെന്നും വ്യക്‌തമാക്കി.

Top