മകനെ ദുരുപയോഗിച്ചെന്ന കേസ്: അമ്മയ്ക്ക് ജാമ്യം!വനിത ഐപിഎസ് ഓഫിസർ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കുട്ടിയെ പിതാവിന്റെ അടുത്തുനിന്ന് മാറ്റാം

കൊച്ചി: കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത സ്വന്തം മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ജയിലിലായ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മാതൃത്വത്തിന്റെ പവിത്രത അവഗണിക്കപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചു .കേസിന്റെ അന്വേഷണത്തിന്റെ പ്രധാനപ്പെട്ട ഘട്ടം കഴിഞ്ഞെന്ന നിരീക്ഷണത്തിൽ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ഒരുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു ഇടപെടലും ഉണ്ടാകരുത് എന്ന ഉപാധികളാണ് കോടതി വച്ചിരിക്കുന്നത്.

കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഹൈക്കോടതി സർക്കാരിനു ചില നിർദേശങ്ങൾ നൽകി. ഒരു വനിത ഐപിഎസ് ഓഫിസർ കേസ് അന്വേഷിക്കണം എന്നതാണ് പ്രധാന നിർദേശം. പീഡനത്തിന് ഇരയായ കുട്ടിയെ വിദഗ്ധമായ ശരീര പരിശോധനയ്ക്കു വിധേയനാക്കണം. ഇതിനായി പരിചയ സമ്പന്നരായ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. ഒരു മനശാസ്ത്ര വിദഗ്ധനും ഒരു ശിശുരോഗ വിദഗ്ധനും ഉൾപ്പെടുന്നതായിരിക്കണം ബോർഡ്. ആവശ്യമെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെടുകയാണെങ്കിൽ കുട്ടിയെ പിതാവിന്റെ അടുക്കൽനിന്നു മാറ്റി ഏതെങ്കിലും ഒരു ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കാവുന്നതാണ് എന്നും കോടതി നിർദേശിച്ചു.

സംസ്ഥാനത്ത് കേട്ടുകേൾവി പോലുമില്ലാത്ത ഒരു കേസാണ് മുന്നിൽ വന്നതെന്നു നിരീക്ഷിച്ച കോടതി മാതൃത്വം എന്നത് ഒരു പവിത്രമായ ഒന്നാണെന്നും കുഞ്ഞു ജനിക്കുന്നതിനു മുന്നേ ആരംഭിക്കുന്നതാണെന്നും അതിനെയെല്ലാം അവഗണിക്കുന്ന ഒരു കേസാണ് ഇതെന്നും പറഞ്ഞു. തന്റെ മാതൃത്വത്തെയും സ്ത്രീത്വത്തെയും ചോദ്യം ചെയ്യുന്നതാണ് ഈ പരാതിയെന്നായിരുന്നു കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ജയിലിലുള്ള മാതാവും ചൂണ്ടിക്കാണിച്ചത്.

തന്റെ മൂന്നു കുഞ്ഞുങ്ങളുടെ പിതാവായ പരാതിക്കാരൻ വിവാഹബന്ധം വേർപെടുത്താതെ മറ്റൊരു വിവാഹം കഴിക്കുകയും ജീവനാംശം തേടിയപ്പോൾ രണ്ടു കുഞ്ഞുങ്ങളെ തന്റെ പക്കൽ നിന്നു ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നെന്നും ഇവർ ജാമ്യഹർജിയിൽ പറയുന്നു. കൗൺസിലറായ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ കുഞ്ഞിനെ ബ്രെയിൻവാഷ് ചെയ്താണ് എതിരാക്കിയതെന്നും പരാതി നൽകിച്ചതെന്നും ഇവർ പറയുന്നു.

അതേ സമയം പരാതിയിൽ കഴമ്പുണ്ടെന്നു അന്വേഷണത്തിൽ വ്യക്തമായതായി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ സർക്കാർ കോടതിയിൽ വാദിച്ചത്. ഇവർ കുഞ്ഞിനു ചില മരുന്നു നൽകിയിരുന്നതായി മൊഴി ലഭിച്ചിരുന്നെന്നും പരിശോധനയിൽ ഈ മരുന്നു കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

പതിമൂന്നുകാരന്റെ പീഡന പരാതിയിൽ മാതാവിനെതിരെ ഡിസംബർ 18നാണ് കടയ്ക്കാവൂർ പൊലീസ് കേസെടുത്തത്. 22ന് അറസ്റ്റിലായ യുവതി അന്നു മുതൽ അട്ടക്കുളങ്ങര ജയിലിലാണ്. പതിനേഴും പതിമൂന്നും പതിനൊന്നും വയസുള്ള ആൺമക്കളും 6 വയസുള്ള മകളും ഇവർക്കുണ്ട്. പിതാവു തല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നോടും സമാനമൊഴി നൽകാൻ പറഞ്ഞിരുന്നതായും പതിനൊന്നുകാരനായ മകന്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നില്ലെങ്കിലും ഗാർഹിക പീഡനത്തെത്തുടർന്ന് മാറി താമസിക്കുകയായിരുന്നു യുവതി.

Top