സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോടതിയിൽ പ്രതിയെ എത്തിക്കാൻ വൈകിയ പൊലീസുകാർക്ക് ബൈൽറ്റും തൊപ്പിയും തറയിൽ ഊരിവച്ച് നിൽക്കാൻ മജിസ്‌ട്രേറ്റിന്റെ ശിക്ഷ. കോടതിയിൽ പ്രതിയെ ഹാജരാക്കാൻ അരമണിക്കൂർ വൈകിയത്തിന്റെ പേരിലാണ് പൊലീസുകാരെ ക്രൂരമായ രീതിയിൽ കോടതി ശിക്ഷിച്ചത്. ഇതേ തുടർന്ന് പൊലീസുകാർ മജിസ്‌ട്രേറ്റിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു നാടകീയ സംഭവങ്ങൾ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ പ്രതിയെയുമായി നെയ്യാറ്റിൻകര റൂറൽ ക്യാമ്പിലെ രണ്ട് പൊലീസുകാരാണ് എത്തിയത്. പ്രതിയെയുമായി കോടതിയിലേയ്ക്ക് എത്തിയത്് വളരെയധികം താമസിച്ചാണ്. കോടതിയിൽ വൈകിയെത്തിയതിന്റെ കാരണം ചോദിച്ചെങ്കിലും കൃത്യമായ മറുപടി പറയാൻ ഇവർക്ക് സാധിച്ചില്ല. തുടർന്നാണ് കോടതിയിൽ മജിസ്‌ട്രേറ്റ് പൊലീസുകാർക്കെതിരെ തിരിഞ്ഞത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും കോടതി മുറിയിൽ നിരത്തി നിർത്തി പൊരിക്കുകയായിരുന്നു ജഡ്ജി. രണ്ടു പൊലീസുകാരോടും പ്രതികളുടെ മുന്നിൽ വച്ച് തൊപ്പിയും ബെൽറ്റും അഴിച്ച് താഴെ വയ്ക്കാൻ ജഡ്ജി ആവശ്യപ്പെട്ടു. അന്തിച്ചു രണ്ടു പേരും നിന്നതോടെ ക്ഷുഭിതനായ ജഡ്ജി കോടതിയുടെ ഉത്തരവാണെന്നും ധിക്കരിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസുകാർ തൊപ്പിയും ബെൽറ്റും ഊരി തറയിൽ വയ്ക്കുകയായിരുന്നു. രൂക്ഷമായ രീതിയിൽ ജഡ്ജി അപമാനിച്ചതോടെ പൊലീസുകാർ റൂറൽ എസ്.പിയ്ക്ക് ഇതു സംബന്ധിച്ചു പരാതി നൽകി. പൊലൂസുകാരെ പൊതുജനമധ്യത്തിൽ അപമാനിച്ച മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്കും, ജില്ലാ ജഡ്ജിയ്ക്കും പരാതി നൽകുമെന്ന് റൂറൽ എസ്.പി അറിയിച്ചു.


