കൊച്ചി: കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ റിട്ടയേര്‍ഡ് എസ്‌ഐ നടത്തിയ അക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റിന് പരിക്കേറ്റു. പ്രശാന്ത് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. റിട്ട. എസ്.ഐ. സുരേഷ് ഓടിച്ചിരുന്ന കാര്‍, ദുരിതാശ്വാസ സാമഗ്രികളുമായി പോയിരുന്ന മിനിലോറിയുമായി എച്ച്എംടിക്ക് സമീപം തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരോട് താന്‍ എസ്.ഐ. ആണെന്നു പറഞ്ഞ് സുരേഷ് തട്ടിക്കയറി. ഇതോടെ നാട്ടുകാര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കളമശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റ് സുരേഷിനോടു ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് നാട്ടുകാര്‍ കൈകാര്യം ചെയ്യും എന്ന് അറിഞ്ഞപ്പോഴാണ് സുരേഷ് ജീപ്പില്‍ കയറിയത്.
സുരേഷ് മദ്യപിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളെജില്‍ കൊണ്ടുപോയി പരിശോധിക്കണമെന്നും നാട്ടുകാര്‍ ശാഠ്യം പിടിച്ചു. ഇതോടെ പൊലീസ് ഗവ. മെഡിക്കല്‍ കോളെജിലെത്തിച്ചു പരിശോധിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങി. തുടര്‍ന്ന് സുരേഷിനെ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. മറ്റു ചില കേസുകളിലെ പ്രതികള്‍ വൈകീട്ട് ഏഴു മുതല്‍ സ്റ്റേഷനിലുണ്ടായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിന് ഇടയ്ക്കാണ് സുരേഷ് വാഹനാപകടം ഉണ്ടാക്കിയതും സ്റ്റേഷനിലെത്തിച്ചതും. സ്റ്റേഷനിലെത്തിയ സുരേഷ് പെട്ടെന്ന് അക്രമാസക്തനായി. പ്രതികളെ കണ്ട് സുരേഷ് ഇവരോടും തട്ടിക്കയറി. അവരെ മര്‍ദിക്കുമെന്ന അവസ്ഥയില്‍ സുരേഷിനെ സബ് ഇന്‍സ്‌പെക്ടര്‍ സെല്ലിലടയ്ക്കാന്‍ ശ്രമിച്ചു. ഇതോടെ സുരേഷ് പ്രശാന്ത് ക്ലിന്റനെ മര്‍ദിക്കുകയായിരുന്നു. ഇതു കണ്ട് സുരേഷിനെ പിടിച്ചുമാറ്റാന്‍ വന്ന ചില പൊലീസുകാര്‍ക്കും മര്‍ദനമേറ്റു.
മര്‍ദനത്തില്‍ സബ് ഇന്‍സ്‌പെക്ടറുടെ കൈക്കും തലയ്ക്കും വയറിനും പരിക്കേറ്റു. സുരേഷിനെ സ്റ്റേഷനില്‍ ഉള്ളവര്‍ ചേര്‍ന്ന് അടക്കി നിര്‍ത്തിയെങ്കിലും സ്റ്റേഷനിലെ ഉപകരണങ്ങള്‍ക്കും ഇദ്ദേഹം കേടുപാടുകള്‍ വരുത്തി. കസേരയെടുത്ത് വലിച്ചെറിഞ്ഞു. ചൊവ്വാഴ്ചയും സുരേഷ് പലപ്പോഴും അക്രമാസക്തനായി. സുരേഷിന്റെ പേരില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടസ്ഥലത്ത് നാട്ടുകാരോട് തട്ടിക്കയറിയതിനും പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തിയതിനും സബ് ഇന്‍സ്പക്ടറെയും പൊലീസുകാരെയും മര്‍ദിച്ചതിനുമാണ് കേസ്.