സ്വന്തം ലേഖകൻ
കോട്ടയം: സ്പീക്കറുടെ പി എ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും പണം തട്ടിയ കേസിലെ പ്രതിയായ പ്രവീൺ ബാലന്ദ്രനെ പൊലീസ് കോട്ടയത്ത് എത്തിച്ചു. കോട്ടയം ഉഴവൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രവീണിനെ ഇന്നലെ രാത്രിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
തൃശ്ശൂർ മിണാലൂരിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ഉഴവൂർ സ്വദേശിനിയായ യുവതി സ്പീക്കർ എംബി രാജേഷിനെ നേരിട്ട് ഫോണിൽ വിളിച്ച് നൽകിയ പരാതിയിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
സ്പീക്കറുടെ പി എ ആണെന്ന് പറഞ്ഞു പണം തട്ടിയെടുത്തു എന്നാണ് യുവതി സ്പീക്കറോട് പറഞ്ഞത്. ജല അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 10000 രൂപ വാങ്ങി എന്നാണ് പരാതി.
ഇതിന് പുറമെ കോട്ടയം മുണ്ടക്കയം സ്വദേശിയിൽ നിന്നും യുവാവ് പണം വാങ്ങിയതായി പരാതി ഉയർന്നിട്ടുണ്ട്. കോട്ടയം കുമാരനല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രവീൺ ബാലചന്ദ്രൻ. പരാതി ഉയർന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
തൃശ്ശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രവീൺ ബാലചന്ദ്രനെ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് ഇയാളെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.ഇയാളെ ചോദ്യം ചെയ്തശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പ്രവീൺ ബാലചന്ദ്രനെതിരെ കോട്ടയം ജില്ലയിൽ മാത്രം ഇതുവരെ ആറു പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം ഗാന്ധിനഗർ സ്റ്റേഷനിലാണ്. മുണ്ടക്കയത്ത് രണ്ടും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒരു പരാതിയുമാണ് പ്രവീൺ ബാലചന്ദ്രനെതിരെ ലഭിച്ചിട്ടുള്ളത്.