ശ്രീനഗര്‍: ജനക്കൂട്ടം കല്ലെറിയുന്നതില്‍ പ്രകോപിതരായ സൈനീകര്‍ സൈനിക ജീപ്പിനു മുന്‍പില്‍ കശ്മീരി യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചമൊരുക്കിയ നടപടിയില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ എഫ്‌ഐആര്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഭവത്തിന്റെ വീഡിയോ വ്യാപപകമായി പ്രചരിച്ചിരുന്നു. വന്‍ വിമര്‍ശനമാണ് സമൂഹത്തില്‍ നിന്നും സൈന്യത്തിന്റെ ഈ ക്രൂരതയ്‌ക്കെതിരെ ഉയര്‍ന്നത്. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി മെഹബൂബ മഫ്തി ജമ്മു കശ്മീര്‍ പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സൈന്യവും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
യുവാവിനെ തട്ടിക്കൊണ്ടു പോകുക, മനുഷ്യകവചമായി ഉപയോഗിക്കുക തുടങ്ങിയ നടപടികളില്‍ സൈന്യത്തിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍ സംഭവത്തില്‍ മനുഷ്യകവചമായി യുവാവിനെ ഉപയോഗിക്കാന്‍ തീരുമാനമെടുത്ത ഓഫീസറെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
മരിക്കുകയല്ലെങ്കില്‍ പ്രവര്‍ത്തിക്കുകയെന്ന ഘട്ടത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നും മനുഷ്യ കവചമായി യുവാവിനെ ഉപയോഗിച്ചില്ലെങ്കില്‍ സൈന്യത്തിനു നേരെ വന്‍ കല്ലേറ് ഉണ്ടാകുമായിരുന്നുവെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സൈന്യത്തിന്റെ വിവാദമായ തീരുമാനത്തെ അനുകൂലിക്കുന്ന സമീപനമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായതും. ജനക്കൂട്ടം സൈന്യത്തിനെതിരെ കല്ലെറിയുന്നത് പതിവായ ജമ്മു കശ്മീരില്‍ അതില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് അവരില്‍ നിന്നും ഒരാളെ പിടിച്ച് വാഹനത്തിനു മുന്‍പില്‍ കെട്ടിയിട്ടതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
ജമ്മു കശ്മീരിലെ സുരക്ഷാസേനയ്‌ക്കെതിരെ പ്രതിഷേധിക്കരുതെന്ന് പ്രതിഷേധക്കാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അഭ്യര്‍ഥിച്ചിരുന്നു. കശ്മീരിലെ യുവാക്കള്‍ പാക്കിസ്ഥാനിലെ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രലോഭനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആക്രമണങ്ങള്‍ നടത്തുന്നതെന്നും പാക്കിസ്ഥാന്റെ കളിപ്പാവകളാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് സംഭവത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഏപ്രില്‍ 9 ന് രാവിലെ 11 മണി മുതല്‍ നാല് മണിക്കൂറോളം 26 കാരനായ ഫറൂഖ് അഹമ്മദ് എന്ന യുവാവിനെ സൈന്യം മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നു. ശ്രീനഗര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനിടെ ബന്ധുവിന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട യുവാവിനെ 25 കിലോമീറ്ററോളം സൈന്യം വലിച്ചിഴച്ചു. വീട്ടില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ഗാംപോരയിലാണ് ബന്ധുവിന്റെ വീട്. താന്‍ ഷാളുകള്‍ നെയ്യുന്ന തൊഴിലാളിയാണെന്നും രോഗിയായ അമ്മയോട് ഒപ്പമാണ് താമസമെന്നും ഫറൂഖ് പറയുന്നു. മോട്ടോര്‍ സൈക്കിളില്‍ ഇത്‌ലിഗാമില്‍ എത്തിയപ്പോഴാണ് സ്ത്രീകള്‍ സൈന്യത്തിനു നേരെ കല്ലെറിയുന്നത് കണ്ടതെന്നും എന്താണ് നടക്കുന്നതെന്ന് അറിയാന്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ സൈന്യം തന്നെ മര്‍ദ്ദിച്ചതിനു ശേഷം പിടിച്ച് ജീപ്പില്‍ കെട്ടുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
ശ്രീനഗര്‍ ലോക്‌സഭാ ഉപതിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി വിഡിയോ ദൃശ്യങ്ങള്‍ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയതോടെയാണ് വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.


