കായംകുളം:ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്നും പറഞ്ഞ് പോലീസ് സേനയില്‍ സിവില്‍ പോലീസ് ഓഫീസര്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍ നിന്നും രണ്ടുകോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
ഹരിപ്പാട്, തൃക്കുന്നപ്പുഴ, പാനൂര്‍ കുറത്തറ വീട്ടില്‍ സുരേന്ദ്രന്റെയും അജിതയുടെയും മകള്‍ ശരണ്യ (23)യെയാണ് ബംഗളൂരില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞദിവസം ഇവര്‍ തിരുവനന്തപുരം ജില്ലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് അന്വേഷണ സംഘം തിരുവനന്തപുരം ജില്ല കേന്ദ്രകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും ഇവര്‍ ബംഗളൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ബംഗളൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും ശരണ്യയയെ പിടികൂടിയത്.
അന്വേഷണസംഘം ശരണ്യയെ കായംകുളത്തെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. സഹായിയായ രാജേഷ് എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെയും ചോദ്യം ചെയ്തുവരുകയാണ്. പോലീസിലെ ചിലര്‍ക്ക് ശരണ്യയുമായി അടുത്ത ബന്ധമുണ്ടെന്ന ചില സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതും പോലീസ് പരിശോധിച്ചുവരുകയാണ്. കഴിഞ്ഞദിവസം അറസ്റ്റിലായ ശരണ്യയുടെ പിതാവ് സുരേന്ദ്രന്‍ (56), മാതാവ് അജിത (48), ബന്ധുവായ തോട്ടപ്പള്ളി സ്വദേശി ശംഭു (21)എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്കും.
കായംകുളം പുതുപ്പള്ളി സ്വദേശികളായ മൂന്നുപേര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് നടത്തിയ വലിയ തട്ടിപ്പ് പോലീസ് കണ്ടെത്തിയത്. ഉദ്യോഗാര്‍ഥികളുടെ എസ്എസ്എല്‍സി, യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ ഒര്‍ജിനലുകളും വ്യാജ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും, മെഡിക്കല്‍ ഫിറ്റ്‌നസ് റിപ്പോര്‍ട്ടും നിര്‍മിച്ച് ഉദ്യോഗാര്‍ഥികളുടെ ഫോട്ടോപതിച്ച നൂറോളം ഫയലുകളാണ് പോലീസ് കണ്ടെത്തിയത്. ഇതില്‍ സര്‍ക്കാര്‍ മുദ്രയും പോലീസ് സേനയുടെ മുദ്രയും വ്യാജമായി രേഖപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്പിലേക്കുള്ള അപ്പോയ്‌മെന്റ് ഓര്‍ഡറും ശാരിരിക ക്ഷമതാ റിപ്പോര്‍ട്ടും ഇവര്‍ വ്യാജമായി നിര്‍മിച്ചിരുന്നു. ഉദ്യോഗാര്‍ഥികളെ നിരവധിത്തവണ ഇവര്‍ പോലീസ് ക്യാമ്പുകളിലെത്തിച്ചിട്ടുണ്ട്. അതിനാല്‍ ഇവര്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. മൂന്നോളം ആഡംബരകാറുകള്‍ ശരണ്യയ്ക്ക് സ്വന്തമായുണ്ട്.
കൂടാതെ ഒരു മാസം അഞ്ചുലക്ഷത്തോളം രൂപ ഇവര്‍ ആഢംബര ചിലവിനായി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. മാവേലിക്കരയില്‍ ഏക്കറുകണക്കിന് വസ്തുവും, കൊല്ലത്തെ ഒരു ഫഌറ്റും കെട്ടിടവും ഇവര്‍ സ്വന്തമായി വാങ്ങാനും ശ്രമം നടത്തിയിരുന്നു. ഇതിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ ശരണ്യയുടെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചും മൊബൈല്‍ ഫോണിലെവിവരങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.